2019 ഓഗസ്റ്റ് 31, ശനിയാഴ്‌ച

21 . ഉപസംഹാരം



എല്ലാവരെയും ഇനിയും അധികം ബോറടിക്കുന്നില്ല, ഓര്‍മ്മിക്കുന്ന ഏതാനും അദ്ധ്യാപകരെക്കൂടി ഓര്‍മ്മിച്ചു കൊണ്ടു അവസാനിപ്പിക്കാം,. ഞങ്ങളുടെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ മിക്കവാറും എല്ലാവരെയും കുറിച്ച് ഓര്‍മ്മിച്ചു കഴിഞ്ഞു. ഇനി മറ്റു ഡിപാര്ട്ടുമെന്റുകളാവട്ടെ. ആദ്യത്തെ മൂന്നു വര്ഷം പല വിഷയങ്ങളും പഠിപ്പിച്ചവര്‍. സിവില്‍ ഡിപ്പാര്ട്ട്മെന്റില്‍ തുടങ്ങാം.

രണ്ടാം വര്‍ഷമായിരുന്നു കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ എന്ന വിഷയം പഠിക്കാന്‍ ഉണ്ടായിരുന്നത്. ക്ലാസ് എടുത്തിരുന്നത് കല്യാണ രാമന്‍ സാര്‍. സാറിനു സംസാരത്തില്‍ തമിഴ് ചുവ ധാരാളം. സാറ് സിമന്റു എന്ന് പറയുന്നത് സിമണ്ട് എന്നാവും. അത് പോലെ പലതും. നല്ല ക്ലാസാണ് പക്ഷെ തീരെ വിരസമായ വിഷയം അതുകൊണ്ടു സാറിന്റെ ഉച്ചാരണം കേട്ട് മനസ്സില്‍ ചിരിച്ച്ചാണ് ക്ലാസില്‍ ഇരിക്കുക. പരീക്ഷയ്ക്ക് കുറച്ചധികം വായിച്ചാലും അത്ര നല്ല മാര്‍ക്ക് കിട്ട്യുകയില്ല, പോരാഞ്ഞു ചിത്രം വരയ്ക്കാന്‍ വളരെ മോശമായ എന്നെപ്പോലെയുള്ളവര്‍ക്ക്. സിവില്‍ വിഭാഗ തലവല്‍ വെങ്കടരാമന്‍ സാര്‍ ആയിരുന്നു, വളരെ ചിരിച്ചു കൊണ്ടാണ് സംസാരിക്കുക, പക്ഷെ അല്പം വശളന്മാരായവര്‍ക്ക് അത് ‘കൊലച്ചിരി’ ആയി മാറി എന്നും കേട്ടിട്ടുണ്ട്, ചിലര്‍ അങ്ങനെയാണ് "ചിരിച്ചുകൊണ്ട് കഴുത്തറക്കും " എന്ന് ചില ദോഷൈക ദൃക്കുകള്‍  പറയുന്നതു  കേട്ടിരുന്നു.

വസ്തുക്കളുടെ ശക്തി, (Strength of materials), രചനകളുടെ സിദ്ധാന്തങ്ങള്‍ (Theory of Structures) ഇവയാണ് സര്‍വേ കൂടാതെ ഞങ്ങള്‍ പഠിച്ച വിഷയങ്ങള്‍. സര്‍വേ രണ്ടാം വര്ഷം കഴിഞ്ഞു, തിയറിയും പ്രാക്ടിക്കലും. അതും പരമ ബോറായിരുന്നു, പ്ലെയിന്‍ ടെബിളും തൂക്കി സര്‍വേ ക്യാമ്പ് രസകരമായിരുന്നു എങ്കിലും വെയിലത്ത്‌ നിന്നുള്ള പരിപാടി എനിക്കത്ര പിടിച്ചില്ല. ചെയിനും ഫാല്സ്ടാഫ് എന്നാ വടിയും  തൂക്കി പലതും ചെയ്തു എന്നല്ലാതെ.
എന്നാല്‍ Strength of materials നല്ല രസകരമായിരുന്നു, ക്ലാസ് എടുത്തത് പുതിയ ഒരദ്ധ്യാപകായിരുന്നു എങ്കിലും നന്നായി ക്ലാസ് എടുത്തിരുന്ന ജോര്‍ജ തോമസ്‌ എന്ന സാര്‍. ആദ്യമായിരുന്നെങ്കിലും നല്ല വണ്ണം തയാറായി ആണ് ജി ടി സാര്‍ ക്ലാസില്‍ വരുക. രസകരമായി ക്ലാസ് എടുക്കും, പക്ഷെ സാറിനു ഇടയ്ക്ക് സംശയം ചോദിക്കുന്നത് മാത്രം ഇഷ്ടമല്ല. പിന്നീട് ഞാനും ഒരദ്ധ്യാപകന്‍ ആയപ്പോള്‍ ഇടയ്ക്ക് ചോദ്യം ചോദിച്ചു രസം കൊല്ലികളായ കുട്ടികളെ എനിക്കും ആദ്യം വെറുപ്പായിരുന്നു, പിന്നീട് കൂടുതല്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ വിവരം ഉണ്ടായപ്പോള്‍ ചോദ്യങ്ങള്‍ രസകരമായി തീര്‍ന്നു എങ്കിലും അദ്ധ്യാപന ജീവിതത്തിന്റെ ആദ്യത്തെ ഒന്ന് രണ്ടു വര്ഷം കുട്ടികളുടെ ചോദ്യം ഭയം ഉണ്ടാക്കിയിരുന്നു, പ്രത്യേകിച്ചും നല്ല ബുദ്ധിയുള്ള കുട്ടികളുടെ. കഷ്ടിച്ച് ഒരു വര്ഷം മുമ്പ് ജി ടി സാറിനെ ടി കെ എം മീറ്റില്‍ കണ്ടപ്പോള്‍ സാര്‍ പഴയ കാര്യം ഓര്‍മ്മിച്ചു, സാറിന്റെ ഒരു ക്ലാസ്സില്‍ ഞാന്‍ സ്ഥിരമായി എന്തെങ്കിലും ചോദ്യം ചോദിക്കുമായിരുന്നു, തയാറായി വന്ന ക്ലാസ്സിന്റെ ഒഴുക്കിന് തടസ്സം വരുന്ന രീതിയില്‍ ചോദ്യം ചോദിക്കരുത് എന്ന് സാര്‍ രഹസ്യമായി എന്നോടു പറഞ്ഞ വിവരം സാര്‍ ഓര്‍മ്മിച്ചു എന്നോടു പറഞ്ഞു. ഇപ്പോള്‍ ഡെന്മാര്‍ക്കില്‍ യു എന്‍ ഉപദേഷ്ടാവായി വിശ്രമ ജീവിതം നയിക്കുന്ന സാര്‍ സ്വന്തം ചിലവില്‍ അവിടെ നിന്ന് നമ്മുടെ കോഴിക്കോട്ടു മീറ്റില്‍ വന്നത് തന്നെ എത്ര സന്തോഷകരമായിരുന്നു എന്ന് പറയാന്‍ വയ്യ. നെറ്റിയില്‍ ഒരു വലിയ മറുക് ( റഷ്യന്‍ നേതാവ് ഗോര്‍ബച്ചേവിന്റെപോലെ ) ഉണ്ടായിരുന്നതു കൊണ്ടു സാറിനെ ഞങ്ങള്‍ 'പപ്പടം' എന്ന് തമാശയായി വിളിച്ചിരുന്ന കാര്യം കൂടി അദ്ദേഹം ഞങ്ങളുടെ ഗുരുവന്ദനം ചടങ്ങില്‍ സ്നേഹാദരങ്ങള്‍ സ്വീകരിച്ച ശേഷം ഉള്ള മറുപടി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി., അമ്പതു വര്ഷം കഴിഞ്ഞും ഈയുള്ളവനെപ്പോലെയുള്ള ഒരു രസം കൊല്ലി വിദ്യാര്‍ഥിയുടെ വിവരം കെട്ട ചോദ്യം ചോദിക്കുന്ന സ്വഭാവം ഓര്‍മ്മിക്കുക, അതും പരസ്യമായി അംഗീകരിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ മഹാമനസ്കത അല്ലാതെ മറ്റെന്താണ്?

അതുപോലെ തന്നെ Theory of Structures ക്ലാസ് എടുത്തത് യു സി അഹമ്മദ് കുട്ടി എന്ന സാറാണ്,. ജി ടി സാറിനെപ്പോലെ തന്നെ ഒന്നാം തരം ക്ലാസ് . അഹമ്മദ് കുട്ടി സാറിനെയും ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും കൂട്ടി മുട്ടിയിരുന്നു. ഞങ്ങളുടെ ആര്‍ ഈ സി യ്ലേക്ക് പോകുന്ന വഴി കുന്നമംഗലം എന്ന സ്ഥലത്തായിരുന്നു സാറിന്റെ വീടു. ടി കെ എമ്മില്‍ നിന്ന് പിരിഞ്ഞു സാര്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ കോളെജായ A W H എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്യുമ്പോള്‍ ഒരു പ്രൊഫഷനല്‍ സൊസൈറ്റിയുടെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ അവിടെ പോയപ്പോള്‍ സാറിനെ കണ്ടു.. അതുപോലെ എന്റെ മകളുടെ ഒരു ഇന്ടെര്‍വ്യു  കഴിഞ്ഞു ചങ്ങനാശ്ശേരിയില്‍ വച്ചും മറ്റും. എം ഈ എസ്സിലും സാര്‍ ഇടയ്ക്ക് ജോലി ചെയ്തിരുന്നു എന്ന് തോന്നുന്നു. നല്ല അദ്ധ്യാപകനെന്ന പോലെ തന്നെ തങ്കപ്പെട്ട മനുഷ്യനുമാണ് അഹമ്മദ് കുട്ടി സാര്‍.

ഇനിയും ഒരാള്‍ അന്നതെ ഒരു ഏകാംഗ ഡിപ്പാര്‍ട്ടുമെന്റിലെ ആളാണ്‌. ജിയോളജി പ്രഫസര്‍ ,ലെക്ച്ചറര്‍, അസി പ്രൊഫസര്‍ ക്ലെര്‍ക്ക്‌ പപ്യുണ്‍ എല്ലാം ആയിരുന്ന സാലിഹു സാര്‍ ആണത്. തമിഴ് കലര്‍ന്ന മലയാളം അല്പം സ്ത്രൈണ സബ്ദം ആണ് സാറിന്റെ. ഞങ്ങള്‍ക്ക്  ക്ലാസ് എടുത്തിട്ടില്ലെങ്കിലും കുട്ടികളുടെ പല  കാര്യത്തിലും  സാറിനെ  മുമ്പില്‍  കാണാം.  സാലിഹു സാര്‍ ദീര്‍ഘകാലം കേരളാ യുനിവേര്സിട്ടിയില്‍ കണ്ട്രോളര്‍ ആയും പി വി സി ആയും തമിഴ് നാട്ടിലെ ഒരു യൂണീവേര്സിറ്റിയില്‍  വൈസ് ചാന്‍സലര്‍ ആയും ഇരുന്ന ശേഷം വിശ്രമ ജീവിതം നയിക്കുന്നു ഇപ്പൊള്‍. അടുത്തു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകളും  കണ്ടു.





20 ലബ്ബ സാറിനെ കുറിച്ച് അല്‍പ്പം കൂടി


  
ഓര്‍മ്മകള്‍  എഴുതാന്‍ കൊള്ളാവുന്നതെല്ലാം തീര്‍ന്നു എന്ന് തോന്നുന്നു. എങ്കിലും    എന്റെജീവിതത്തില്‍  എന്നെ സ്വാധീനിച്ച ഏതാനും ചിലരെ കൂടി  സ്മരിക്കാതെ ഇത്  നിറുത്താന്‍ വയ്യ.

പ്രൊഫസര്‍  ജമാലുദീന്‍ ലബ്ബ സാര്‍ എന്റെ  അവസാന വര്‍ഷ വാചാ പരീക്ഷയ്ക്ക് പരീക്ഷകന്‍ ആയി  വന്നപ്പോഴത്തെ  എന്റെ അനുഭവവും  എന്റെ ഉപരി പഠനത്തെ ആ സംഭവം എങ്ങനെ സ്വാധീനിച്ചു എന്നും ഞാന്‍ മുമ്പെഴുതി. അത്  1968 ല്‍  ആയിരുന്നു എന്നോര്‍ക്കുക. ഇന്നും ഞാന്‍ അദ്ദേഹം നിര്‍ണായക സ്ഥാനത്തിരുന്നു  നയിക്കുന്ന സ്ഥാപനത്തില്‍ ( എം ഈ എസ്  എഞ്ചിനീയറിംഗ് കോളേജില്‍, കുറ്റിപ്പുറം ) ജോലി ചെയ്യുന്നു എന്നത് യാദൃശ്ചികം എന്ന് പറയാനാവില്ല.

ഞങ്ങള്‍ അവസാന വര്ഷം അയപ്പോഴാണെന്നു തോന്നുന്നു സാര്‍ നമ്മുടെ  ടി കെ എമ്മിലെ വൈദ്യുത വിഭാഗം തലവനായത്. അതിനു മുമ്പ്, തിരുവനന്തപുരം  കോളേജില്‍ നിന്ന്  അവധിയില്‍ വന്നു ടി കെ എമ്മില്‍ ഉണ്ടായിരുന്ന  ഹരിഹരന്‍  സാറും കുറച്ചു നാള്‍  മധു സാറും ആയിരുന്നു തലവന്മാര്‍ എന്ന് തോന്നുന്നു. സാര്‍  ബോംബെ ഐ ഐ ടി യില്‍ നിന്ന് എം ടെക് ബിരുദം വാങ്ങി വന്നതിനു ശേഷം ആയിരുന്നു തലവനായത് എന്ന് തോന്നുന്നു.  ഒരു അദ്ധ്യാപകന്‍ എന്നാ നിലയില്‍ സാറിനെ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്‌ അവസാന വര്ഷം  ഇന്ദക്ഷന്‍ മോട്ടോര്‍ ക്ലാസ് എടുത്തപ്പോഴാണ്.  അദ്ദേഹത്തിന്റെ  ക്ലാസിനെപ്പറ്റി അസാധാരണമായി ഒന്നും പറയാനില്ല എന്ന് എനിക്ക് തോന്നുന്നു.. പല ദിവസവും സാര്‍ ക്ലാസില്‍  ചര്‍ച്ച ചെയ്തിരുന്നത് ആള്‍ക്കാരുമായി എങ്ങനെ ഇടപെടണം എന്നതിനെകുറിച്ചായിരുന്നു. ഡെയില്‍ കാര്‍ണഗിയുടെ പുസ്തകങ്ങളിലെ വിഷയങ്ങളായിരുന്നു പല  ക്ലാസിലും ചര്‍ച്ചാ വിഷയം. ജീവിതത്തില്‍  എന്ചിനീയരിങ്ങിനെക്കാള്‍ പ്രധാനമായത് ഇത്തരം കാര്യങ്ങളാണ് എന്ന് ഞാന്‍ ഒരദ്ധ്യാപകനായിക്കഴിഞ്ഞാണ് മനസിലായത്. ലബ്ബ സാറ് വ്യക്തികളെ  എങ്ങനെ അനായാസമായി കൈകാരം ചെയ്യുന്നു എന്നത് ഇന്നും ആര്‍ക്കും മാതൃക ആക്കാവുന്ന രീതിയാണ്.  കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു  ലബ്ബ സാറിനെപ്പോലെ  നിശ:ബ്ദമായി  ഇത്രമാത്രം സംഭാവന ചെയ്ത ഒരാള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഉണ്ടോ എന്ന് സംശയമാണ്
.
സാറിന്റെ ബഹു മുഖമായ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് അറിയാവുന്ന ചിലത് പറയട്ടെ. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് അഞ്ചു വര്‍ഷവും  കോളേജിലെ  കെട്ടിടത്തിന്റെ  കിഴക്കേ അറ്റത്തെ ഭാഗം മാത്രമേ  പണി തീര്‍ന്നിട്ടുണ്ടായിരുന്നുള്ളൂ. താഴത്തെ നിലയില്‍  ഇലക്ട്രിക്കല്‍ ലാബുമാത്രം തീര്‍ന്നിരുന്നു, ഇടക്ക് പണി തീരാത്ത ഭാഗവും ഉണ്ടായിരുന്നു. ലൈബ്രറി കെട്ടിടവും  കോളേജു ഓഫീസും പ്രിന്സിപാളിന്റെ  ക്യാബിനും  ഒന്നോ രണ്ടോ ക്ലാസ് മുറികളും മാത്രം മുകളിലത്തെ നിലയില്‍.

ഞങ്ങള്‍ കോര്‍സ് തീര്‍ന്നു പോന്നതിനു ശേഷം കുറെ വര്‍ഷങ്ങള്‍  കെട്ടിടം ഇങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍  ലബ്ബ സാര്‍ പ്രിന്‍സിപല്‍ ആയി  ചാര്ര്‍ജെടുതത്തിനു ശേഷം  ടി കെ എം കോളെജിനു ഉണ്ടായ  പുരോഗതി അസാധാരണമായിരുന്നു. കെട്ടിടത്തിന്റെ പണി  പൂര്‍ത്തിയാക്കി, പുതിയതായി മൂന്നോ നാലോ  ബി ടെക് കോര്സും  വിവിധ  എം ടെക്    കോര്സുകളും തുടങ്ങി.  ശരിക്കും ടി കെ എം  തിരുവനന്തപുരം കോളേജുമായി മിക്കവാറും ഒപ്പത്തിനൊപ്പം  ആയി മാറി, അല്ല , ലബ്ബ സാര്‍ മാറ്റിയെടുത്തു എന്നതാണ് വസ്തുത. ഇതിനു പ്രധാനപ്പെട്ട ഒരു കാരണം സാറിനു കേന്ദ്ര കേരളാ സര്‍ക്കാരുകളിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ  എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നതാന്.. മാനേജ് മെന്റിന്റെ  സഹകരണം ഇല്ലാതില്ല എങ്കിലും ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചില വ്യക്തികള്‍  തലവരായി വന്നാല്‍  ഉണ്ടാകുന്ന മെച്ചം ടി കെ എമ്മിന് ഉണ്ടായി. ഞാന്‍ ദീര്‍ഘ കാലം ജോലി ചെയ്ത  കോഴിക്കോട്  റീജിയണല്‍  എഞ്ചിനീയറിംഗ് കോളേജില്‍  ഡോ ഉണ്ണികൃഷ്ണ പിള്ള സാര്‍  പ്രിന്സിപല്‍ ആയി പത്തിലധികം വര്ഷം ഇരുന്നപ്പോള്‍  ആര്‍ ഈ സി യുടെ  സുവര്‍ണ കാലം ആയിരുന്നത് പോലെ  ടി കെ എമ്മിന്റെ സുവര്‍ണകാലം ആയിരുന്നു  ലബ്ബ സാറിന്റെ ഭരണകാലം.

സാറിന്റെ ഭരണ ശേഷി  ഐ എസ റ്റി ഇ  യും  ഇപ്പോള്‍  കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി എം ഈ എസും ഉപയോഗിക്കുന്നു. 75  വയസ്സില്‍ കുറയാതെ പ്രായമുള്ള സാര്‍ ഇപ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും  കുറ്റിപ്പുറത്തും കോഴിക്കോട്ടും എത്തുന്നു, കോളേജ്  ഭരണ സംബന്ധമായി.  എം ഇ എസ് ട്രസ്റ്റിന്റെ   സെക്രട്ടറി ആണ് സാര്‍ ഇപ്പോള്‍. സാറിന്റെ ഊര്‍ജ സ്വലതയും ഓരോ കാര്യത്തിലും ഉള്ള താല്പര്യവും  ഞങ്ങള്‍ക്കൊക്കെ  ഇന്നും അത്ഭുതത്തോടെ  നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിനെല്ലാമുപരി  പൂര്‍വ വിദ്യാര്‍ത്ഥികളുടെ  സമ്മേളനം എവിടെ   ഉണ്ടെന്കിലും  ദ്യൂബായിലായാലും   കൊല്ലത്തായാലും കോഴിക്കോട്ടായാലും സാറിനെ അറിയിച്ചാല്‍ സാര്‍ തീര്‍ച്ചയായും വരും, സാറിന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം ചാലിച്ച വാക്കുകളില്‍  ഒരു ചെറു പ്രസംഗം എങ്കിലും നടത്തി  നമ്മെ അനുഗ്രഹിക്കുകയും ചെയുന്നു.

അതുകൊണ്ടു ഈ അവസരത്തില്‍  ലബ്ബ സാര്‍ എന്ന ഭരണാധികാരിയെ, മനുഷ്യ സ്നേഹിയെ, സ്നേഹ നിധിയായ അദ്ധ്യാപകനെ  അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതന്ന  നല്ല വഴിയെ  ഓര്‍ത്തു  സാഷ്ടാംഗം പ്രണമിക്കുന്നു.

19 ഉത്തര ഇന്ത്യാ ടൂറും സാഹസികത്വവും



അഞ്ചാം വര്ഷം ഡല്‍ഹി ആഗ്ര  ചന്ടിഹാര്‍ , സിംല, കല്കട്ട  ഇവയായിരുന്നു  പരിപാടിയില്‍. കൂടുതല്‍ സമയവും ട്രെയിനില്‍. രൌന്റ്റ് ടൂര്‍ ടിക്കറ്റെടുത്ത് പോകുന്നതുകൊണ്ട്  മിക്കവാറും റിസര്‍വേഷന്‍ ഉണ്ടാവും. ഒരു ബോഗിയുടെ മിക്കവാറും  ഭാഗം ഞങ്ങളുടെ പാര്‍ട്ടി ആയിരിക്കും. വിദ്യാര്തികള്‍ക്കുള്ള  കണ്‍സെഷന്‍  വാങ്ങി തുച്ചമായ  പൈസ മാത്രമേ  ചിലവുള്ളൂ ടിക്കറ്റിനു. കൂടുതലും പൈസ  ദിന ബത്തയായി  ഞങ്ങള്‍ക്ക് കിട്ടും. ചിലര്‍ അതെല്ലാം അടിച്ചു പൊളിച്ചു ചിലവാക്കും. എന്നെപ്പോലെയുള്ളവര്‍  ബോംബെയിലും മറ്റും പഴയ പുസ്തകങ്ങള്‍ കിട്ടുന്ന കട അന്വേഷിച്ചു പുസ്തകം ആക്കി മാറ്റും ഭക്ഷണം കഴിച്ചു ബാക്കിയുള്ള പൈസ. പിന്നെ  ചെറിയ തരം സോവേനീരുകളും. എല്ലാത്തിനും  നല്ല വണ്ണം വില പേശി യാണ് വാങ്ങുന്നത്.  പത്തു രൂപ വില പറഞ്ഞാല്‍ രണ്ടു രൂപായില്‍ തുടങ്ങും ഞങ്ങള്‍.  ചിലപ്പോള്‍  വില്കുന്നവര്‍  അവരുടെ ഭാഷയില്‍ പച്ചത്തെറി  ആയിരിക്കും പറയുന്നത്. ഭാഷ അറിയാത്ത  ഞങ്ങള്‍ക്ക് ഒരു കൂസലും ഉണ്ടാവില്ല. പലപ്പോഴും മൂന്നില്‍ ഒന്നില്‍ കൂടുതല്‍ വില കൊടുത്തു ഒരു സാധനവും വാങ്ങിയ ഓര്‍മ്മയില്ല, പുസ്തകം ഒഴിച്ചു.  

 നേരിട്ട് ആഗ്രയിലെക്കായിരുന്നു യാത്ര.  യമുനാ നദിയുടെ തീരത്ത്  ശാന്തഗംഭീരം ആയി നില്‍കുന്ന  പ്രീമത്തിന്റെ അനശ്വര കുടീരമായ താജും അക്ബറിന്റെ  കോട്ടയും ഫത്തേപ്പൂര്‍സിക്രിയും കണ്ടു  ഡല്‍ഹിയിലേക്കു തിരിച്ചു. ഡല്‍ഹിയില്‍ പാര്ലമെന്റ്റ് ഹൌസും രാഷ്ട്രപതി ഭവനും എല്ലാം ദൂരെ നിന്ന് മാത്രമേ കാണാനേ കഴിഞ്ഞുള്ളു. ഡല്‍ഹിയില്‍ നിന്ന് ചന്ദീഗര്‍  വഴി സിംലയ്ലേക്ക്. കല്‍ക്ക എന്ന സ്ഥലത്ത് നിന്നാണ്  സിംലായ്ക്കുള്ള നാരോ ഗെയ്ജ്  ട്രെയിന്‍ കയറെണ്ടത്. ഞങ്ങള്‍ ടിക്കറ്റ് എടുത്തു നില്‍ക്കുമ്പോള്‍  ബോംബെയില്‍ നിന്ന്  ഒരു വനിതാ കോളേജിലെ കുട്ടികളും  ഞങ്ങളുടെ  കൂടെ  സിംലയ്ക്ക് ഉണ്ടെന്നു കണ്ടു. നാരോ ഗെയ്ജ്  ട്രെയിനില്‍  സീറ്റുകള്‍  വളരെ അടുത്താണ്. ഒരാളിന്റെ  കാല്‍ എതിരെ ഇരിക്കുന്നയാളിന്റെ  കാലുമായി പിനഞ്ഞേ ഇരിക്കാനാവൂ. കിട്ടിയ അവസരം പരമാവധി  ഉപയോഗിക്കാന്‍ ഞങ്ങളിലെ  പുരുഷ സിംഹങ്ങള്‍ മുന്‍കൈ എടുത്തു. പെണ്‍കുട്ടികളെല്ലാം ഞങ്ങളുടെ  എതിര്‍ സീറ്റില്‍. ഞങ്ങള്‍ മറുവശം. മുഖാ മുഖം. കാലുകള്‍ പലപ്പോഴും  കോര്‍ത്ത്‌ ഇരിക്കണം. മിനുട്ടുകള്‍ നീണ്ട  തുരങ്കങ്ങളില്‍ കൂടി പോകുമ്പോള്‍ ചിലപ്പോള്‍ ട്രെയിനില്‍  പൂര്‍ണ അന്ധകാരം ആയിരിക്കും. അതിനിടയില്‍ എന്തൊക്കെ നടന്നിട്ടുണ്ടോ എന്ന് അതില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ അറിയൂ. പാട്ടും മേളവും എല്ലാം ആയി ഹിമവാന്റെ താഴ് വരയില്‍ കൂടി ഒരു പുഴു പോലെ  ട്രെയിന്‍ ഉയരങ്ങളിലേക്ക് കുതിച്ചു. ബ്രിട്ടീഷുകാര്‍  വേനല്‍ക്കാല തലസ്ഥാനമായി  വികസിപ്പിചെടുത്ത സിമ്ല  വേനല്‍ക്കാലത്ത്  സന്ദ്രസിക്കുന്നത് സന്തോഷകരമാനെങ്കിലും  ഡിസംബറില്‍ അല്പം കഠിനമാണ്, പ്രത്യേകിച്ചും  ഭൂമാദ്ധ്യ രേഖയ്ക്ക് തൊട്ടടുത്ത്‌  താമസിക്കുന്ന നമുക്ക്. യാത്രയുടെ രസത്തില്‍ തണുപ്പ് അറിഞ്ഞില്ല.

ട്രെയിനില്‍ നിന്നിറങ്ങിയപ്പോള്‍ വൈകുന്നേരം നാല് മണി. നല്ല തനുപ്പായിക്കഴിഞ്ഞിരുന്നു. ഇട്ടിരുന്ന കമ്പിളി ഉടുപ്പും മറ്റും കടന്നു തണുപ്പ്  ഉള്ളിലേക്ക് അരിച്ചു കയറുന്നു. ഞങ്ങളുടെ താമസം റിഡ്ജ് എന്നാ ഹോട്ടടില്‍ ആയിരുന്നു. നാല്പതോളം ഉണ്ടായിരുന്ന ഞങ്ങളുടെ പെട്ടികള്‍ മുഴുവന്‍ രണ്ടു  ശേര്‍പ്പാകള്‍  പുറകില്‍ അട്ടി വെച്ചു  ഹോട്ടലില്‍ എത്തിച്ചു. അവരുടെ ഉയരത്തിന്റെ മൂന്നിരട്ടി അട്ടിവെച്ച പെട്ടിയുമായി അവര്‍ കുനിഞ്ഞു കുത്തനെയുള്ള കയറ്റം കയറുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ കണ്ടു നിന്ന്. ഒരു ഭാരവും ഇല്ലാതെ കയറ്റം കയറാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇത്രയും ഭാരവുമായി അവര്‍ കയറുന്നു. “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തോത്രം”  പറഞ്ഞു  ഞങ്ങളും കയറി.

ഇതിനടയില്‍  മട് സാറിന്റെ  ഉപദേശം. ഈ തണുപ്പിനു  പിടിച്ചു നില്‍ക്കണമെങ്കില്‍  ചൂടുള്ള വല്ലതും വാങ്ങി കുറിച്ചു കൊള്ളണം എന്ന്. അല്ലെങ്കില്‍ അവിടെ ക്കിടന്നു വടിയായാല്‍ സാറിനും സുധാകരന്‍ സാറിനും പണിയാവും എന്ന് ധ്വനി. ഏതായാലും ഹോട്ടലില്‍ എത്തി  ഭക്ഷണം കഴിക്കുന്നതിനു മുമ്പ് തന്നെ ആരൊക്കെയോ  കുതിരയ്ക്ക്  കൊടുക്കുന്ന പാനീയം   സംഘടിപ്പിച്ചു  അകത്താക്കുന്നത് കണ്ടു. ഞാനും അല്പം അകത്താക്കാന്‍ ശ്രമിച്ചു എങ്കിലും പരിചയം തീരെ ഇല്ലാത്തത് കൊണ്ടു കഴിഞ്ഞില്ല. ബാക്കി യുള്ളവര്‍  രാജായിയ്ക്കുളില്‍  സുഖമായി ഉറങ്ങി. ഞാനും. പുലര്‍ച്ചെ ഞാന്‍ ഉണര്‍ന്നു. ജനാലയില്‍ കൂടി നോക്കിയപ്പോള്‍ മഞ്ഞു നിറഞ്ഞ ഹിമവാന്റെ  ശ്രുംഗങ്ങളില്‍ കൂടി സൂര്യ ഭഗവാന്‍ ഉദിച്ചുയരുന്നു. സുന്ദരമായ ആ കാഴ്ച കാണാന്‍ ഞാന്‍ മറ്റുള്ളവരെ വിളിച്ചു. മറ്റവന്‍ കഴിച്ചുരങ്ങുന്ന അവര്‍ക്കിതൊന്നും കാണാന്‍ ഭാഗ്യമില്ല. ആരും ഉണര്‍ന്നു നോക്കിയില്ല, ആ അപൂര്‍വ ഭാഗ്യം എനിക്കു മാത്രം. പിറ്റേ ദിവസം  തണുപ്പ് കാരണം അധികം പുറത്തു പോയില്ല ഉച്ച കഴിഞ്ഞു തിരിച്ചു യാത്രയായി. സിംലയില്‍ പോയി എന്ന് മാത്രം. 


18 സ്റ്റഡി ടൂര്‍ - ദക്ഷിണ ഇന്ത്യ



എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകം ആയിരുന്നു  സ്റ്റഡി  ടൂര്‍ അന്ന്. തുടക്കം മുതല്‍ അവസാനം വരെ  കുട്ടികള്‍ തന്നെ പരിപാടി തയാറാക്കി അദ്ധ്യാപകരുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നു. ടൂര്‍ പരിപാടി അംഗീകരിച്ചു കഴിഞ്ഞാല്‍ വിവിധ കമ്മറ്റികള്‍ ഉണ്ടാക്കി, ടിക്കറ്റ് ബുക്കിംഗ്, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ യാത്രാ പദ്ധതി, വ്യവസായങ്ങളിലെ സന്ദര്‍ശനത്തിനുള്ള അനുമതി, താമസം ഭക്ഷണം എല്ലാത്തിനും പ്രത്യേകം പ്രത്യേകം കമ്മറ്റിയുന്റാവും. ഇന്നത്തെപ്പോലെ ഏതെങ്കിലും  ടൂര്‍   എജെന്സിയെ എല്പിക്കുകയല്ല. ഈ പരിപാടിയും യാത്രയും പ്ലാന്‍ ചെയ്യുന്നതു വഴി ഒരു ബ്രുഹദ് പദ്ധതി എങ്ങനെ ആവിഷ്കരിച്ചു നടപ്പാക്കാം എന്നതിനുള്ള പരിശീലനം  ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.

നാലാം വര്ഷം ദക്ഷിണ ഇന്ത്യന്‍ ടൂറും അഞ്ചാം വര്ഷം ഉത്തര ഇന്ത്യയുമാണ്  പതിവ്. ഞങ്ങളുടെ ബാച്ചില്‍ നാലാം വര്ഷം മൈസൂര്‍, ബാമ്ഗളൂര്‍, പൂന ബോംബെ , ഹൈദരാബാദ് മദിരാശി ഈ നഗരങ്ങള്‍  പതിനഞ്ചു ദിവസം കൊണ്ടു  സന്ദര്‍ശിക്കുന്നു. 450 രൂപയായിരുന്നു ചെലവ്. ഇത്ര ഭീമമായ തുക ഉണ്ടാക്കാന്‍ വിഷമം ആയതു കൊണ്ടു  ഞാന്‍ ടൂരിനില്ല എന്ന് പറയും. അഡവൈസര്മാര്‍   കോളേജില്‍ നിന്ന് പണം വാങ്ങി തരും , സ്കോളര്‍ഷിപ്പ്‌ കിട്ടുമ്പോള്‍ തിരിച്ചു പിടിക്കും എന്നാ വ്യവസ്ഥയില്‍. മിക്കവാറും എല്ലാവരും ടൂറിനുണ്ടാവും.  ആരോഗ്യ പരമായ കാരണങ്ങളാല്‍ മാത്രമേ ഒഴിവാകാന്‍ കഴിയൂ.

മൈസൂരിലെ ലളിത് മഹല്‍ പാലസും കുന്നിന്‍ മുകളില്‍ ഉള്ള കൂറ്റന്‍ കാളയുടെ പ്രതിമയും എല്ലാം കണ്ടു. ബാംഗളൂരിലെ  ലാല്‍ ബാഗ് പൂന്തോട്ടം , ഭാരത്‌ ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് എന്നെ ഫാക്ടറികളും ആണ് കണ്ടത്. പരീക്ഷയ്ക്ക് പഠിച്ച സാധനങ്ങള്‍  നിര്‍മിക്കുന്നത് നേരിട്ട് കാണാനുള്ള അവസരം എല്ലാവര്ക്കും അങ്ങനെ കിട്ടി. ക്രിക്കട്റ്റ് കളി ഒന്നും ഇല്ലായിരുന്നു, സ്റ്റേഡിയം മാത്രം കണ്ടു. പൂനയില്‍   കേന്ദ്ര ജല വികസന അതോരിട്ടിയുടെ  ഖടക് വാസല എന്ന സ്ഥലത്തുള്ള  സ്ഥാപനം കണ്ടു. ഒരു ട്രെയിന്‍ അപകടത്തില്‍  രണ്ടു കാലും മുരിക്കെന്റി വന്ന എന്റെ ഒരു ബന്ധുവിനെ പൂന മിലിട്ടറി ആസ്പത്രിയില്‍  പോയി കണ്ടു.  കല്കത്തായില്‍ വച്ച് നീങ്ങിക്കൊന്റിരുന്നാ ട്രെയിനിലേക്ക്‌  ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനില്ടീ ഇടയില്‍ വീണതായിരുന്നു പാവം.  ശസ്ത്രക്രിയയ്ക്ക്  പൂനയില്‍ കൊണ്ടു വന്നതായിരുന്നു.   ഇത് കഴിഞ്ഞു  ബോംബെയില്‍ എത്തി. പരമാവധി ദിവസങ്ങള്‍ ബോംബെയില്‍ കഴിയത്തക്ക വിധം ആയിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. ക്രിസ്തുമസ് കാലം, ബീച്ചിലും  കടകളിലും എല്ലാം വലിയ തിരക്ക്. മരിദ് ഡ്രൈവിലും  ജുഹു ബീച്ചിലും  മലബാര്‍ ഹില്ലിലും എല്ലാം ധാരാളം സമയം കഴിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലെ  ചില വില്ലന്മാര്‍  ചുവന്ന തെരുവും സന്ദര്‍ ശിച്ചു എന്ന് പറഞ്ഞു. അവിടെ വിവിധ നിലവാരത്തിലുള്ള വിലയുള്ള  വേശ്യകളെ കിട്ടുമത്രേ.  അധികം പഴക്കമില്ലാത്ത പുതിയ പെണ്‍കുട്ടികള്‍  മുറിക്കുള്ളിലും പഴകി ആകര്‍ഷണം നഷ്ടപ്പെട്ടു രോഗം പിടിച്ചവര്‍ തെരുവിലും ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. തെരുവില്‍  തന്ത ആരെന്നറിയാത്ത കൊച്ചുകുട്ടികള്‍ കളിക്കുന്നു.. ബ്രോക്കര്‍ മാര്‍ നിങ്ങളെ  പിടിച്ചു കൊണ്ടു വേശ്യാലയത്തിലേക്ക് നയിക്കുന്നു.  തെരുവില്‍ ഏതാനും പോലീസുകാര്‍ നോക്ക് കുത്തികളായി ഇതെല്ലാം കണ്ടു നില്കുന്നു.  ബോംബെയിലെ  ഏറ്റവും വൃത്തികെട്ട  തെരുവുകള്‍ ആയിരുന്നു അത്.   സര്‍ക്കാര്‍  അംഗീകരിച്ച  വേശ്യ തെരുവുകളായിരുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലില്‍  ഏര്‍പ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെ പരിതാപകരമായ അവസ്ഥ വല്ലാതെ  വേദനിപ്പിക്കുന്നു. ചുരുക്കത്തിലെ അവിടത്തെ  അവിടത്തെ കാഴ്ച  അറപ്പും വെറുപ്പും ഉണ്ടാക്കുന്നതായിരുന്നു. തിരിച്ചു വരുന്ന വഴി ഹൈദരാബാദ്  സലാര്‍ ജന്ഗ് മ്യുസിയവും  നൈസാമിന്റെ കൊട്ടാരവും മറ്റും  കണ്ടു. മദിരാശിയില്‍ ബ്രിട്ടീഷ് ഇല്കതൃക്  എന്നാ ഫാക്ടറിയില്‍ ട്രാന്‍സ്ഫോര്‍മര്‍  ഉണ്ടാക്കുന്ന രീതി വിശദമായി പഠിക്കാന്‍ കഴിഞ്ഞു. അസ്കോ ലൈലാണ്ട് കാര്‍ നിര്‍മ്മാണ ശാലയും  കണ്ടു. .

18.കരണ്ടികളുടെ മാരത്തോണ്‍ ഓട്ടം


ഞങ്ങള്‍ പുറത്തു താമസിക്കുന്ന കരണ്ടികള്‍ കോളേജില്‍ നടക്കുന്ന കളികളില്‍ അപൂര്‍വ്വം മാത്രമേ ചേരാരുള്ളൂ.   ലോഡ്ജിനടുത് ചെറിയ കോര്‍ത്ടുന്റാക്കി ഷട്ടില്‍ കളിക്കും ചിലര്‍ , മറ്റു ചിലര്‍ സമയം പോകാന്‍ ചീട്ടു കളിക്കും, അതും വല്ലപ്പോഴും മാത്രം. കോളേജു ടീമില്‍ ഇടം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്ക്കുമാത്രമേ കിട്ടാറുള്ളൂ.  പുസ്തകപ്പുഴുക്കള്‍ എന്ന സല്‍പേരും ഉള്ളതുകൊണ്ട് ഞങ്ങള്‍ ഇതൊന്നും കാര്യമാക്കാറില്ല. പലരും പോക്കറ്റ് ബില്ല്യാര്‍ഡ്സില്‍ ലോക നിലവാരം പുലര്‍ത്തുന്നു എന്നത് സത്യം ആണെങ്കിലും.  ഇതൊന്നും കളി കാണാന്‍ തടസ്സം അല്ലല്ലോ. 

അന്ന് ടി കെ എമ്മില്‍ കളികളുടെയും കളിക്കാരുടെയും സുവര്‍ണകാലം ആയിരുന്നു. ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, വോളിബാള്‍ എന്നിവയില്‍ കൊല്ലം ജില്ലാ ലീഗില്‍ ടി കെ എമ്മിന് എതിരാളികള്‍ ദുര്‍ലഭം ആയിരുന്നു. പത്തിലധികം വര്ഷം ദേശീയ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ ആയിരുന്ന എസ രാമാനുജം, കളിയിലും പഠിത്തത്തിലും ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന പി സി മുഹമ്മദ്‌ കുഞ്ഞി, സ്റ്റൊപ്പര്‍  ബാക്ക് രാധാകൃഷ്ണന്‍  ബാസ്കട്റ്റ് ബാളില്‍ സണ്ണി, ഹാരീസ്, വോളിബാളില്‍ നീളന്‍ മുഹമ്മദ്‌ കുഞ്ഞി എന്നീ പേരുകള്‍ ഓര്‍മ്മയില്‍  വരുന്നു. പി സി മുഹമ്മദ്‌ കുഞ്ഞി യുനിവേര്‍സിറ്റി ഒന്നാം റാങ്കും ദേശീയ ഫിട്ബാള്‍ ടീമില്‍ അംഗത്വവും  കിട്ടിയ ആള്‍ ആയിരുന്നു. മിക്കവാറും രണ്ടോ മൂന്നോ ദക്ഷിണ മേഖലാ ടൂര്‍ണമെന്റുകള്‍ കോളേജില്‍ വച്ച് നടത്തുക പതിവായിരുന്നു.  ടി കെ എം ടീം പതിവായി  ഫൈനലില്‍ ഏറ്റുമുട്ടുന്ന  ചില ടീമുകള്‍ ഫുട്ബാളില്‍ അലിണ്ട്, കൊല്ലം എസ എന്‍ കോളേജ് ( കളി മാത്രമല്ല കയ്യാങ്കളിക്കും പ്രസിദ്ധര്‍)  വോളിബാളില്‍  എം ജി കോളേജ് , ബാസ്കട്ബാളില്‍ മാര്‍ ഇവാനിയോസ് കോളേജ് ഇവയൊക്കെ ആയിരുന്നു.  എം ജി കൊളെജിലെ ടീമുമായി കളിക്കുമ്പോള്‍ കളി കാണാന്‍ അവരുടെ  പി ഡി  യുടെ  മുഖത്തു നോക്കിയാല്‍ മതി.  സ്മാഷും ലിഫ്റ്റും ബ്ലോക്കും എല്ലാം അവിടെ കാണാം.  

കളി മോശമായാല്‍ കണ്ണുരുട്ടും, മീശ വിറയ്ക്കും , ചുണ്ടില്‍ നല്ല തെറിതന്നെ വരും എന്ന് തോന്നുന്നു. കളി തോറ്റാല്‍   അദ്ദേഹം  കളിക്കാര്‍ക്ക്‌ തിരിച്ചുപോകാന്‍ വണ്ടിക്കൂലി കൊടുക്കുകയില്ലെന്നു പറയുന്നു. ഭയങ്കര ചൂടന്‍. നങ്ങളുടെ പി ഡി  അഹദ് സാര്‍ നല്ല തികഞ്ഞ അഭ്യാസിയും ഗുസ്ഥിക്കാരനെപ്പോലെ  ഇന്നത്തെ  സിക്സ് പാക് ആയിരുന്നു. സാറിന്റെ  മസില്‍ ഡാന്‍സ് വിശേഷ ദിവസങ്ങളില്‍  സാര്‍ അവതരിപ്പിക്കും. വളരെ സരസന്‍. 

വാര്‍ഷിക അത്ലെട്ടിക് മീറ്റില്‍, പ്രത്യേകിച്ചും നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും ഞങ്ങള്‍ കരണ്ടികളും  പങ്കെടുക്കും. പ്രധാനപ്പെട്ട ഇനം നീണ്ട ഓട്ടങ്ങളാണ്. ക്രോസ് കണ്ട്രി, 5000, 10000 മീട്ടര്‍  ഓട്ടങ്ങള്‍.  ഇതാകുമ്പോള്‍  മെല്ലെ ഓടിയാല്‍ മതി, ഞങ്ങളുടെ കഴിവനുസരിച്ച് ചുമ്മാതെ കൂട്ടത്തില്‍ ഓടും.  പക്ഷെ സ്റെഡിയത്തില്‍   ആദ്യം ഫിനിഷ് ചെയ്യുന്ന ആള്‍ക്ക് പുറകെ ആര് രൌണ്ട്  വരെ പുറകില്‍ ആകുമ്പോള്‍  കൂക്കലും  റഫറിമാരുടെ തെറിയും കൊണ്ടഭിഷേകം ഉറപ്പു. ഞങ്ങളുടെ ലക്‌ഷ്യം ഓട്ടം പൂര്‍ത്തിയാക്കുക  മാത്രമാണ്, സമ്മാനം ഒന്നും ലക്ഷ്യമല്ല. പക്ഷെ  ഞങ്ങളെ  പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങളുടെ കൂട്ടുകാര്‍  മാത്രമേ  ഉണ്ടാവുകയുള്ളൂ പലപ്പോഴും . ഞങ്ങള്‍ നാല് പേര്‍ ആണ് ഓടാന്‍ കൂടുന്നത്.  ആശാന്‍( ബ്രിഗേഡിയര്‍) ശശി, പാലാ മുരളി, ചെട്ടികുളങ്ങര രവീന്ദ്രന്‍, മാവേലിക്കര മുരളി. ചിലരൊക്കെ വഴിയില്‍ വച്ച് നിറുത്തും. മൂന്നു നാല് റൌണ്ട് കഴിയുമ്പോള്‍  ഭയങ്കര ക്ഷീണം കൊണ്ടു നിര്‍ത്താനുള്ള കലശലായ മോഹം തോന്നും. അപ്പോള്‍ പിടിച്ചു നിന്നാല്‍ പിന്നെ അങ്ങനെ ഒഴുകി പൊയ്ക്കൊള്ളും.  അവസാനം തീര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് വിവരം അറിയുക. ഒരാഴ്ചയെങ്കിലും നടക്കാന്‍ തന്നെ വിഷമം, കക്കൂസില്‍ പോയി ഇരിക്കാനാണ് കൂടുതല്‍ വിഷമം.എന്നാലും ഞങ്ങള്‍ അടുത്ത വര്‍ഷവും മത്സരിക്കും. 

17 ഏപ്രില്‍ ഫൂളും അച്ചടക്ക നടപടി ഭീഷണിയും



അവസാന വര്ഷം ആണെന്ന് തോന്നുന്നു ഞങ്ങള്‍ ഏഴുപേര്‍ കൂടി കരിക്കോട് ചന്തക്കു പുറകില്‍ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ആര് പേര്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ നിന്നും ഒരാള്‍ മേക്കാനിക്കലും ആയതു  കൊണ്ടു ലോഡ്ജിനു MELAKTRON എന്ന് പേരും ഇട്ടു. ചന്ത തൊട്ടടുത്തായതുകൊണ്ട്  പല മെച്ചങ്ങളും ദൂഷ്യങ്ങളും ഉണ്ടായിരുന്നു. അഡവൈസര്‍മാരെ  വിവരം അറിയിച്ചു അംഗീകാരം വാങ്ങി താമസം തുടങ്ങി.  ഭക്ഷണം കഴിക്കാന്‍ വിദ്യാനന്ദന്റെ കട ദൂരെ ആയതുകൊണ്ട് അടുത്തുള്ള ഹോട്ടലുകളില്‍ ആക്കി.  അങ്ങനെ ഏപ്രില്‍ മാസം ആയി.

ഏപ്രില്‍ ഒന്നിന് എന്തെങ്കിലും കുസൃതി ഒപ്പിക്കല്‍ പതിവായിരുന്നു എല്ലാവര്ക്കും. പലപ്പോഴും ഇതില്‍ കുട്ടികള്‍ തമ്മില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ പൊതു ജനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിനാശകാലേ  വിപരീത ബു:ദ്ധി എന്ന് പറഞ്ഞത് പോലെ.  കരിക്കോട് ഒരു  വിഷ വൈദ്യ ശാല ഉണ്ടായിരുന്നു. അത് നടത്തിയിരുന്നത് തടിച്ച ഒരു മദ്ധ്യ വയസ്ക പണ്ടു ഏതോ പ്രിന്സിപ്പാലുമായി ലോഹ്യത്തില്‍ ആയിരുന്നു എന്ന് സംസാരം. പ്രിന്‍സിപ്പാള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇവര്‍ നിത്യ സന്ദര്‍ശക ആയിരുന്നു എന്നും കഥ.  പിന്നീട്  ആ കെട്ടിടം കുട്ടികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവിടെ പ്രിന്സിപാല്‍ ഉപയോഗിച്ച ഒടിഞ്ഞ ഒരു കട്ടിലും മറ്റും ഇവരുടെ ബന്ധത്തിന് തെളിവായി അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏതായാലും ഇത്തവണ  വിഷ വൈദ്യത്തിയെ കളിയാക്കാന്‍ തീരുമാനിച്ചു. അവരുടെ വൈദ്യശാലയുടെ ബോര്‍ഡും അധികം ദൂരെയല്ലാത്ത ഒരു മൃഗാസ്പത്രിയുടെ ബോര്‍ഡും പരസ്പരം രാത്രിയില്‍ മാറ്റി വച്ചു.  രാവിലെ വൈദ്യത്തി വന്നപ്പോള്‍ ക്ശുഭിതയായി. ആരോ പറഞ്ഞു കൊടുത്തു ഞങ്ങള്‍ ആയിരിക്കും ഇത് ചെയ്തതെന്ന്. അവര്‍ ഒട്ടും സമയം കളയാതെ പ്രിന്‍സിപ്പാളിനെ കണ്ടു പരാതി ബോധിപ്പിച്ചു. അഡ്വൈസര്‍മാരായ  മധുസാറും സുധാകരന്‍ സാറും ഞങ്ങളെ വിളിപ്പിച്ചു  ശകാരിച്ചു. ഉടന്‍ തന്നെ ബോര്‍ഡുകള്‍ മാറ്റി പഴയ രീതിയിലാക്കാന്‍ ആവശ്യപ്പെട്ടു. വൈദ്യത്തിയോടു മാപ്പ് പറയാനും. രണ്ടാമത്തെ ശിക്ഷ നടപ്പായില്ലെങ്കിലും അന്ന് രാത്രിയില്‍ തന്നെ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചു. ഏതായാലും ശിക്ഷ അതില്‍ ഒതുങ്ങി. അല്ലെങ്കില്‍ അവസാന കാലത്ത് അച്ഛനെ വിളിച്ചു കൊണ്ടു വരാനും മറ്റും പറഞ്ഞിരുന്നെങ്കില്‍ വിഷമം ആയേനെ.   ഒരു പക്ഷെ നല്ല കുട്ടിയായി നടിക്കുന്ന ഞാന്‍ കൂടി ഉള്ളതുകൊണ്ടാവാം, മധുസാറിന്റെയും സുധാകരന്‍ നായര്‍ സാറിന്റെയും മഹാ മനസ്കതയും ആവാം.  രക്ഷപ്പെട്ടു.

16 ഒരു പഴയ വാച്ചിന്റെ മോഷണ കഥ



എന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ചില പഴയ സാധനങ്ങള്‍ കൊണ്ടു വരുമായിരുന്നു. നല്ലയിനം നായക്കുട്ടികളെ , പഴയ വാച്ച്, പേന  തുടങ്ങിയവ. നായക്കുട്ടികളെ ചങ്ങലയ്ക്കിടാതെ വളര്‍ത്തും, പലപ്പോഴും  അവന്റെ കുറ കൊണ്ടു തന്നെ ആള്‍ക്കാര്‍  ഭയന്ന് പോകും. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ തെക്കേക്കര  കടത്ത് കടവ് വരെ  ഞങ്ങളെ ബോഡി ഗാര്‍ഡായി അനുഗമിക്കും. അതുകഴിഞ്ഞ് തിരിച്ചു വീട്ടിലെത്തും. കുറച്ചു വലുതായി കഴിയുമ്പോള്‍ കോഴിയെ ഓടിക്കലും മറ്റുള്ളവരെ  ഉപദ്രവിക്കാനും മറ്റും തുടങ്ങുമ്പോള്‍  ഞങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. വള്ളത്തില്‍ കയറ്റി മൂന്നു നാല് മൈല്‍  അകലെ കൊണ്ടു പോയി വിടും. ഞങ്ങള്‍ തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ  അവന്‍ തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാവും . അവസാനം ശല്യം  സഹിക്കാതെ നാട്ടുകാര്‍  വിഷം കൊടുത്തു കൊല്ലുകയോ മറ്റോ ചെയ്യും. ഏതായാലും ഞങ്ങളുടെ നാട്ടില്‍ പേപ്പട്ടി ശല്യം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ പ്രായാധിക്യം മൂലം മരിക്കുന്നതുവരെ  വീട്ടില്‍ കാണും, ഞങ്ങളുടെ  വിശ്വസ്തനായ കൂടുകാരനായി.

വാച്ച്, പേന ഞങ്ങള്‍ മക്കള്‍ക്ക്‌ ട്രയല്‍ ആയി ഉപയോഗിക്കാനാണ്. മഷിപ്പേനയാണ്, അച്ഛന്റെ  ബ്ലാക്ക് ബേര്‍ഡ് പേന തൊടാന്‍ സമ്മതിക്കുകയില്ല. ആരെങ്കിലും അതെടുത്തെഴുതിയാല്‍ അച്ഛന് അറിയാം, തല്ലുറപ്പാണ് അന്ന്.  അങ്ങനെ കിട്ടിയ  ഒരു വാച്ചുമായാണ് ഞാന്‍ കൊല്ലത്തു പഠിക്കാന്‍ വന്നത്. ചെറിയ വ്യാസം ഉള്ള ഒരു ലേഡീസ് വാച്ച്.  ആദ്യം ഉപയോഗിക്കുന്ന വാച്ച്. സമയം കൃത്യമായി കാണിക്കും, ഫാഷനല്ല എന്ന് മാത്രം.  ചെയിന്‍ ആണ്  സ്ട്രാപ് അല്ല.
അന്നത്തെ ഹോസ്റ്റല്‍ അനെക്സിനടുത് കുറ്റിച്ചിറയ്ക്ക് പോകുന്ന വഴിയില്‍ റോഡരികിലുള്ള ഒരു ലോഡ്ജില്‍ ആണ് താമസം. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു തിരിച്ചു വന്നു, പരീക്ഷാ സമയം ആണ്. രാത്രിയില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിയാണ് ഉറങ്ങിയത്. ഉറങ്ങുന്നതിനു മുമ്പ് വാച്ച് മേശപ്പുറത്തു വച്ചിരുന്നു. രാവിലെ നോക്കുമ്പോള്‍ വാച്ചില്ല. ചൂട് കൊണ്ടു ജനാല തുറന്നിട്ടിരുന്നു, ആരോ രാത്രിയില്‍ ജനാലയില്‍ കൂടി എടുത്തതാണ്. സുഹൃത്തുക്കളോട് ചോദിച്ചു. ആരും കണ്ടിട്ടില്ല. കൂട്ടത്തില്‍ ഒരു കുറ്റാന്വേഷകനാണെന്ന് സ്വയം അഭിമാനിക്കുന്ന ആള്‍ എന്റെ മുറിയുടെ ജനാലയുടെ  താഴെ മഴപെയ്ത മണ്ണില്‍ ഒരു കാല്‍പാദം കണ്ടു പിടിച്ചു. പോലീസില്‍ പരാതി കൊടുക്കാനുള്ള മുതലൊന്നും അല്ലാത്തതുകൊണ്ട് അത് ചെയ്തില്ല. കൃസ്തുമസ് പരീക്ഷയ്കടുത്താണ്  ഈ സംഭവം നടക്കുന്നത്.

കുറച്ചുനാള്‍ കഴിഞ്ഞു  വര്‍ഷാവസാന  പരീക്ഷ നടക്കുന്ന സമയം. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഒരു വാന്‍ ഞങ്ങളുടെ ലോഡ്ജിന്റെ മുന്‍പില്‍ വന്നു നിര്‍ത്തി. ആരുടെയെങ്കിലും ഒരു വാച്ച് മോഷണം പോയിട്ടുണ്ടോ എന്നന്വേഷിച്ചു. ഞാന്‍ കോളേജില്‍ ആയിരുന്നു, അവര്‍ കോളേജില്‍ എത്തി. പരീക്ഷ കഴിഞ്ഞിറങ്ങി വന്ന എന്നെ വാച്ച് കാണിച്ചു , എന്‍റെതു തന്നെ എന്നുരപ്പു വരുത്തി. വേറെ എന്തെങ്കിലും പോയിട്ടുണ്ടോ എന്നന്വേഷിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഇത്ര തുഛമായ  വാച്ചിന് വേണ്ടി ഇവിടംവരെ വണ്ടി ഓടിച്ചു വന്നതിന്റെ പുച്ഛം പോലീസുകാരുടെ മുഖത്ത് കണ്ടു. വണ്ടിയില്‍  ഒരു മദ്ധ്യ വയസ്കന്‍ കിടക്കുന്നുണ്ടായിരുന്നു. കടയ്ക്കാവൂര്‍കാരന്‍ ഒരു സ്ഥിരം കള്ളനായിരുന്ന ( കെ ഡി) അയാള്‍ തിരുവനന്തപുരത്ത് വച്ച് മറ്റൊരു മോഷണ ശ്രമത്തിനിടയില്‍ സിറ്റി പോലീസ്  പിടിച്ചു. സാധാരണ പോലീസ് മുറ പ്രയോഗിച്ചപ്പോള്‍ കൊല്ലത്ത് ഒരു വനിതാ ഹോസ്റ്റലിലും  ടി കെ എമ്മിനടുത്ത് ഒരു ലോഡ്ജിലും നിന്നും മോഷ്ടിച്ച സാധനങ്ങള്‍ വീണ്ടെടുത്ത് കൊടുത്തു. സാധനങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ചു വന്നതാണ്.. ചില കടലാസുകളില്‍ ഒപ്പിടുവിച്ചു. തൊണ്ടി മുതലും മറ്റുമായി കോടതിയില്‍ ഇയാളെ ഹാജരാക്കും. അയാള്‍ കുറ്റം സമ്മതിച്ചാല്‍ കോടതിയില്‍ വന്നു സാധനം നിങ്ങളുടെതാണ് എന്ന്   പറയണം.  അയാളെ ശിക്ഷിച്ചു കഴിഞ്ഞാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍  നിന്ന് മോഷണം പോയ വാച്ച് വാങ്ങാം എന്ന്  പറഞ്ഞു. ഒരു ദിവസം കൊല്ലം മുന്‍സിഫ്‌ കോടതിയില്‍ പോയി. പിന്നെയും മൂന്നു മാസം കഴിഞ്ഞു കുണ്ടറ പോലീസ് സ്റ്റേഷനില്‍ നിന്ന് കത്ത് കിട്ടിയതനുസരിച്ചു ഞാന്‍ അവിടെ എത്തി വാച്ച് വാങ്ങി. ഇത്രയും പഴയ വാച്ച്  തുരുമ്പിചിട്ടുണ്ടാവുമെന്നു കരുതി ഞാന്‍ ഏതായാലും അതിനു ചാവി കൊടുത്തു . എന്തത്ഭുതം  വാച്ച് സുന്ദരമായി പ്രവര്‍ത്തിക്കുന്നു.  ഞങ്ങളുടെ വിശ്വസ്തനായ  നായയെപ്പോലെ  ആ വാച്ചും ഞങ്ങളെ ചതിച്ചില്ല. “ ഓള്‍ഡ്‌ ഈസ് ഗോള്‍ഡ്‌ “ എന്ന  ചൊല്ലാണ്  എനിക്കു ഓര്‍മ്മ വന്നത്.   

15 ബെങ്കാളില്‍ നിന്ന് മുഖര്‍ജിയും കണ്ട്രോള്‍ സിസ്ടവും എന്റെ വൈവയും




ഞങ്ങളുടെ അവസാന വര്‍ഷം ഉണ്ടായിരുന്ന ഒരു വിഷയമായിരുന്നു ഇന്ഡസ്ട്ട്രിയല്‍  ഇലക്ട്രോണിക്സും   കണ്ട്രോള്‍ സിസ്റ്റവും  ഇതില്‍ കണ്ട്രോള്‍ സിസ്റ്റം കൂടുതല്‍ മാത്തമാറ്റിക്സ്   ഉള്ളതുകൊണ്ടോ എന്തോ പലര്‍ക്കും വിഷമമുള്ളതായിരുന്നു. പരീക്ഷയ്ക്ക് ആകെ അഞ്ചു ചോദ്യത്തില്‍ രണ്ടെണ്ണത്തിനെങ്കിലും കണ്ട്രോള്‍ സിസ്റ്റത്തില്‍ നിന്ന് ഉത്തരമെഴുതിയെ  മതിയാവൂ.. ഈ വിഷയം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നത് ബെങ്കാളില്‍  നിന്ന് വന്ന ഒരു മുഖോപാധ്യായ.  അദ്ദേഹത്തിന്  കണ്ട്രോള്‍ സിസ്റ്റം വല്ലതും അറിയാമോ എന്ന് സംശയം ആയിരുന്നു. വര്ഷം മുഴുവന്‍ തീര്‍ന്നിട്ടും അദ്ദേഹം ആ  ഭാഗം ഒന്നും പഠിപ്പിച്ചില്ല.  ചുരുക്കത്തില്‍ പഠിപ്പിച്ചാല്‍ തന്നെ പരീക്ഷയ്ക്ക് വിഷമം ആയ ഇത് തനിയേ  പഠിക്കേണ്ട ഗതികേട് വന്നു. ( ഒരു രഹസ്യം : ശ്രീ മുഖര്‍ജി കേരളത്തില്‍ വന്നത്  എസ്  യു സി ഐ  എന്ന പുതിയ പാര്‍ട്ടിയുടെ  പ്രചാരണത്തി നായിരുന്നു എന്ന് ജനസംസാരം) . അന്ന് അറിയപ്പെടുന്ന പുസ്തകം ആയിരുന്ന  പുസ്തകം   ബെഞ്ചമിന്‍ കോ യുടെതായിരുന്നു. അത് വായിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലാവുമായിരുന്നില്ല. ഗംഗാധര്‍ എന്നയാള്‍ എഴുതിയ ഗൈഡ് പോലെയുള്ള ഒരു കൊച്ചുപുസ്തകം നോക്കി ഒന്ന് രണ്ട്രു ചോദ്യം ഒപ്പിക്കല്‍ മാത്രമേ  കൂട്ടത്തില്‍ പ്രഗത്ഭരായവര്‍ക്ക് പോലും  കഴിയുമായിരുന്നുള്ളൂ. ഇത് മുഖവുര മാത്രം. തിയറി പരീക്ഷ  ഒരു വിധം എഴുതി എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ആണ് എനിക്ക് പാര എന്റെ  വേറെ രൂപത്തില്‍ ആണ് വന്നത്.

അവസാന വര്‍ഷം  ഒരു വാചാ പരീക്ഷയുണ്ട്. വൈവ  എന്ന ഓമനപ്പേരിലറിയപ്പെടുന്ന  ഈ പരീക്ഷ പലര്‍ക്കും  പേടി  സ്വപ്നമാണ്, അന്നും ഇന്നും.  കാരണം വൈവായില്‍ അഞ്ചു വര്ഷം പഠിച്ച വിഷയങ്ങളില്‍ എന്തും ചോദിക്കാം, പരീക്ഷകന്റെ യുക്തം പോലെ. പക്ഷെ സാധാരണ  പ്രോജെക്ട് വര്‍ക്കും സെമിനാര്‍ പേപ്പറും അടിസ്ഥാനമാക്കിയാണ് കൂടുതലും ചോദ്യങ്ങള്‍. വകുപ്പ് തലവന്‍ സാധാരണ ഇന്റെര്‍ണല്‍ പരീക്ഷകനായിരിക്കും. ഞങ്ങളുടെ  ഹെഡ്  ലെബ്ബ സാര്‍ തന്നെ. പുറത്തു നിന്ന് വന്നത്  ഡോ  കെ വി  മാത്യു എന്നാ പ്രൊഫസര്‍. ക്യനടായില്‍  നിന്നും കണ്ട്രോള്‍ സിസ്റ്റത്തില്‍  പി എച് ഡി   കഴിഞ്ഞു  തിരിച്ചു വന്നിട്ട് ഏതാനും മാസങ്ങള്‍ ആയിട്ടുള്ളൂ  എന്ന് ആരോ പറഞ്ഞു.

ഏതായാലും വൈവ തുടങ്ങി.   മിക്കവരും  വലിയ ബുദ്ധിമുട്ടില്ലാതെ  രക്ഷപ്പെട്ടു കൊണ്ടിരുന്നു. എന്റെ മുറയായി. ഞാന്‍ പ്രോജെക്റ്റ്‌ റിപ്പോര്‍ട്ടും സെമിനാര്‍ പേപ്പറും എല്ലാം എടുത്തു അകത്തു കയറി. ഇലക്ട്രോളിറ്റിക്ക് ടാങ്കില്‍  കാന്തിക  മാപ്പുണ്ടാക്കുന്ന ഒരു സംവിധാനം ആയിരുന്നു പ്രോജെക്റ്റ്‌. മാഗ്നെറ്റോ   ഹൈഡ്രോഡയനാമിക്സ്  എന്ന പുതിയ  വൈദ്യുതോത്പാദനരീതിയെപ്പറ്റി സെമിനാറും. ഇതില്‍ രണ്ടില്‍ നിന്നും ഏതാനും ചോദ്യങ്ങള്‍  ചോദിച്ചു. നല്ല വണ്ണം  തയാറായിരുന്നത് കൊണ്ടു ഉത്തരം പറയാന്‍ വിഷമിച്ചില്ല. പക്ഷെ അത് കഴിഞ്ഞു  അദ്ദേഹം  കണ്ട്രോള്‍ സിസ്റ്റത്തില്‍  എത്തി. ശരവര്‍ഷം   പോലെ  ചോദ്യങ്ങള്‍. എനിക്കൊന്നും  പറയാന്‍ കഴിഞ്ഞില്ല. പോളും സീരോയും  നൈക്വിസ്റ്റും ബോഡേയും എല്ലാം വ്യക്തമായി  പറയാന്‍ കഴിഞ്ഞില്ല. ഏതാണ്ട്  മുക്കാല്‍ മണിക്കൂര്‍  അദ്ദേഹം എന്നെ നിര്‍ത്തി പൊരിച്ചു എന്ന് പറയുകയാവും ശരി. വിയര്‍ത്തു കുളിച്ചു  ഞാന്‍ പുറത്തേക്കു പോന്നു. എന്റെ  ഭാവം കണ്ടു ലെബ്ബ സാര്‍  അടുത്തയാള്‍  കയറുന്നതിനു മുമ്പ്  പുറത്തു വന്നു എന്നോടു പറഞ്ഞു “ താന്‍ വിഷമിക്കേണ്ട , ഞാന്‍ ഒരു അബദ്ധം കാണിച്ചു, താന്‍ വരുന്നതിനു മുമ്പ് തന്‍ മിക്കവാറും യൂനിവേര്സിറ്റി  റാങ്ക് ആയിരിക്കും  എന്ന് പരിചയപ്പെടുത്തി” എന്നും അതുകൊണ്ടാണ്  ചോദ്യം ഇത്ര കടിനമായതെന്നും  മാര്‍ക്ക് കുറയില്ല എന്നും സമാധാനിപ്പിച്ചു.    എന്റെ തലക്കനം കുറയ്ക്കാനോ  തിരുവനന്തപുരം കൊളേജുകാരുടെ പതിവ് സ്വഭാവം കാണിച്ചതോ  അറിയില്ല. 

ലെബ്ബ സാര്‍ വാക്ക് പാലിച്ചു, എനിക്ക് വൈവയ്ക്ക്  50 ല്‍  48 മാര്‍ക്ക് തന്നെ കിട്ടി. പക്ഷെ അതോടൊപ്പം തന്നെ  ഞാന്‍ ഒന്ന് തീരുമാനിച്ചു. എന്നെങ്കിലും ഞാന്‍ ഉന്നത വിദ്യാഭ്യാസത്തിനു പോയാല്‍  കണ്ട്രോള്‍ സിസ്റ്റം തന്നെ പഠിക്കുമെന്ന്. ദൈവ സഹായത്താല്‍ അത് തന്നെ സാധിച്ചു. ഐ ഐ റ്റി  മദ്രാസില്‍ എന്റെ എം ടെക്കിന്റെയും ഐ ഐ റ്റി  ഡല്‍ഹിയില്‍ എന്റെ പി എച് ഡിയുടെയും  വിഷയം  ഇതു തന്നെ  ആയിരുന്നു. ഈ വിഷയത്തില്‍  അത്ര മോശമല്ലാത്ത  ഒരു പുസ്തകവും എഴുതാന്‍ കഴിഞ്ഞു. മുപ്പതു വര്‍ഷത്തോളം  ബി.ടെക്  എം.ടെക്  കുട്ടികളെ പഠിപ്പിക്കാനും കഴിഞ്ഞു. ഉര്‍വശീശാപം ഉപകാരമായി ഒരിക്കല്‍ കൂടി.

14 സെക്കന്റ് ഷോയും സൈക്കിള്‍ പഠനവും


å
ഞങ്ങളുടെ നാട്ടില്‍, കുട്ടനാട്ടില്‍, അന്ന് സൈക്കിള്‍ അത്ര പ്രചാരത്തിലില്ല. ഞങ്ങളുടെ നാട്ടിലെ സൈക്കിള്‍ കൊതുമ്പു വള്ളമാണ്. ഒരാള്‍ക്കും രണ്ടാള്‍ക്കും മാത്രം സ്വയം തുഴഞ്ഞു യാത്ര ചെയ്യാന്‍ പറ്റിയ ചെറിയ വള്ളം. എന്നാല്‍ അല്പം മോഡേണ്‍ ആകാന്‍ കൊല്ലത്തു വച്ച് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ തീരുമാനിച്ചു. സൈക്കിള്‍  വാടക വളരെ  കുറവ്, പ്രത്യേകിച്ചും രാത്രിയില്‍ എട്ടുമണി കഴിഞ്ഞാല്‍. അമ്പതു പൈസാ രാത്രിമുഴുവന്‍ സൈക്കിള്‍  ചവിട്ടാം. നിലാവുള്ള ഒരു രാത്രിയില്‍ കരുനാഗപ്പള്ളിക്കാരന്‍ സുബേയറും മാവേലി ക്കരക്കാരം മുരളിയും കൂടി എന്നെ സൈക്കിള്‍ പഠിപ്പിക്കാന്‍  ശ്രമം തുടങ്ങി. വൈകുന്നേരത്തെ  കഞ്ഞി (ഡിന്നര്‍) കഴിഞ്ഞാണ്  പരിപാടി. രാത്രി പത്തു മണി വരെ  രണ്ടു പേരും എന്നെ സൈക്കിളില്‍ ഇരുത്തി ഉന്തി നോക്കി, ഞാന്‍ സൈക്കിളിന്മേല്‍ ഇരുന്നു ടാന്‍സ്‌ കളിക്കുകയാണോ എന്ന് അവര്‍. അരമണിക്കൂര്‍ കഴിഞ്ഞു  ഒരു മണിക്കൂര്‍ കഴിഞ്ഞു ,അല്പം പോലും  പുരോഗമനം ഇല്ലെന്നു കണ്ടു അവര്‍ പുറത്തു രണ്ടടിയും ഇടിയും തന്നു വായില്‍ തോന്നിയ തെറി കൊണ്ടഭിശേകവും നടത്തി  മതിയാക്കി പടിപ്പിക്കല്‍. പിന്നീട്  അവരോടു  സൈക്കിള്‍ പഠിപ്പിക്കാന്‍ പറയാനുള്ള  ധൈര്യം ഇല്ലായിരുന്നു.

ഞങ്ങളുടെ  ലോഡ്ജില്‍ സ്ഥിരമായി  വരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു, രണ്ടാമന്‍ കുറ്റിയില്‍ നിന്ന് വരുന്ന  ശശിധരന്‍. (ഞങ്ങള്‍ അന്നും ഇന്നും ആശാന്‍ എന്ന് വിളിക്കും , ഇന്ന് ആര്മ്മിയില്‍ സിഗ്നല്‍ കോറില്‍ സ്തുത്യര്‍ഹമായ സേവനം കഴിഞ്ഞു ബ്രിഗേഡിയര്‍  ആയി പിരിഞ്ഞു  തിരുവനതപുരത്ത്  താമസിക്കുന്നു ). അദ്ദേഹം ഒരു സൈക്കിളില്‍ ആണ് കോളേജില്‍ വരുന്നത്. അവധി ദിവസം വൈകുന്നേരങ്ങളില്‍. അല്പം ഉയരം കൂടിയ സൈക്കിള്‍ ആണ്, എന്റെ  കാല്‍ താഴെവരെ എത്തുകയില്ല.  ഒരിക്കല്‍  ആശാനുമായി ബീച്ചില്‍ പോയി. ആശാന്‍  സൈക്കിളില്‍  റെയില്‍വേ സ്റ്റേഷന്റെ അടുത്തെത്തി  ഞങ്ങല്‍ ബസ്സിലും. അവിടെ നിന്ന് ബീച്ചിലേക്ക് നടക്കുമ്പോള്‍  സൈക്കിള്‍ എന്നെ ഏല്പിച്ചു. ഉരുട്ടിക്കൊള്ളാന്‍. സൈക്കിള്‍ വെറുതെ ഉരുട്ടാനും അല്പം ഹാന്‍ഡില്‍ ബാലന്‍സ്  വേണമെന്ന് അന്നാണ്  എനിക്ക് മനസ്സിലായത്‌. രണ്ടു മൈലില്‍ അധികം ഇങ്ങനെ സൈക്കിള്‍ ഉരുട്ടിയത് അല്പം ഹാന്‍ഡില്‍ ബാലന്‍സ് കിട്ടാന്‍ കാരണമായി. പിന്നീട്  അവധി ദിവസം അദ്ദേഹം  ലോഡ്ജില്‍ വരുമ്പോള്‍ ടെ  ലോഡ്ജിന്റെ അടുത്തുള്ള ഒരു  വോളിബാള്‍ കോര്‍ട്ടില്‍ ആശാന്റെ സൈക്കിളിന്റെ കാരിയറില്‍  ഇരുന്നു സൈക്കിള്‍ ചവിട്ടാന്‍ സ്വയം പഠിക്കാന്‍ തുടങ്ങി. കുറെ ദിവസം കൊണ്ടു  ഒരു മാതിരി ചവിട്ടാന്‍ പഠിക്കാനായി. കാലിന്റെ മുട്ടിനു താഴെ പെടല്‍ തട്ടി  അവിടവിടെ തൊലി പോയത് മാത്രം നഷ്ടം.   ക്രമേണ എന്റെ  കാലിനു പാകമായ സൈക്കിള്‍ വാടയ്ക്കെടുത്  ചവിടാം എന്നായി.  ചുരുക്കത്തില്‍ ചില കാര്യങ്ങള്‍  ആര് പഠിപ്പിച്ചാലും  പഠിക്കുകയില്ല, സ്വയം പഠിച്ചാല്‍ മാത്രമേ  പഠിക്കാന്‍  കഴിയൂ.  എന്ന് എനിക്ക് മനസിലായി. 

കിളികൊള്ളൂരില്‍ അന്ന് ഒരു ഓല തിയേറ്റര്‍ ഉണ്ടായ്രുന്നു, എസ വി തിയേറ്റര്‍ എന്നുപേര്‍. അവിടെ വല്ലപ്പോഴും സെക്കന്റ് ഷോ കാണാന്‍ പോകുമായിരുന്നു. ചെലവ് കുറവ് ടിക്കറ്റ്  രണ്ടാം ക്ലാസ് മതി, രാത്രി സൈക്കിള്‍ വാടയ്ക്കെടുത്താല്‍ തിരിച്ചു നടക്കേണ്ട. എനിക്ക് അങ്ങോട്ടും ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടുകയും ആവാം.. അങ്ങോട്ട്‌ പോകുമ്പോള്‍ ഒന്ന് രണ്ടു പ്രാവശ്യം ആരെയോ  സൈക്കിള്‍ ഇടിച്ചു വീഴ്ത്തി കൂട്ടുകാര്‍  നാടുകാരോടു  മാപ്പ് പറഞ്ഞു  തടി കേടാകാതെ രക്ഷപ്പെടുത്തി. ഇങ്ങോട്ട് പോരുമ്പോള്‍ റോഡില്‍  വാഹനങ്ങളും ആള്‍ക്കരും കുറവായതുകൊണ്ട്  യാത്ര സുഖം.  പഴയ ഏതെങ്കിലും  മൂന്നാം കിട തമിഴ് സിനിമ ആയിരിക്കും, എനിക്ക് സിനിമയേക്കാള്‍ സൈക്കിള്‍  ചവിട്ടല്‍ ആണ് പ്രധാനം. അങ്ങനെ പല പ്രാവശ്യം സെക്കന്റ് ഷോ  കണ്ടപോള്‍ സൈക്കിള്‍ ചവിട്ടല്‍  ശരിയായി പഠിച്ചു.

കൊല്ലത്തു  പഠിക്കുമ്പോള്‍  ആദ്യത്തെ  രണ്ടു വര്ഷം  എന്റെ ആരോഗ്യനില  വളരെ മോശമായിരുന്നു. അന്നും ഇന്നും കുറെയൊക്കെ  അലട്ടുന്ന ടോന്സില്സ്  ആയിരുന്നു വില്ലന്‍. ചെറിയ തോതില്‍ മഴയോ വെയിലോ കൊണ്ടാല്‍ ടോന്സിളിസില്‍ അണുബാധ ഉണ്ടായി  വലിയ  പനി ഉണ്ടാകും. 104-104  ഡിഗ്രി വരെ പണി വരും. മൊന്നു നാല് ദിവസം  ക്ലാസ്സില്‍ പോകാന്‍ കഴിയുകയില്ല.  ഒരിക്കല്‍ വീട്ടിലേക്കു  കത്തെഴുതാന്‍ ആറെമെസ്സില്‍ നിന്ന് ഇന്ലന്ടു വാങ്ങി എഴുതി തുടങ്ങിയപ്പോള്‍  അവിടെ ബോധം കെട്ടു വീണു. കോളേജില്‍ ചികിത്സാ സൗകര്യം ഇല്ലാത്തത് കൊണ്ടു ബീച്ച് റോഡില്‍ എബനിസര്‍  എന ആശുപത്രിയില്‍ ആണ് പോകുക. സള്‍ഫ  മരുന്നുകള്‍ ഇഷ്ടം പോലെ കഴിക്കുമായിരുന്നു. ഒരിസല്‍, പെന്റിദ് സള്‍ഫ, സ്ല്ഫനാമെയ്ഡ എന്നിങ്ങനെയുള്ള മരുന്നുകള്‍ ഡോക്ടരുടെ  കുറിപ്പില്ലാതെ  കിട്ടുകയില്ല. 
ടോന്സില്സ്  നിരന്തര സല്യം ആയതുകൊണ്ട്  അതു ശസ്ത്രക്രിയ  മൂലം മുറിച്ചു മാറ്റാന്‍ തീരുമാനിച്ചു.  രണ്ടാം വര്ഷം കഴിഞ്ഞ മദ്ധ്യ വേനല്‍ അവധിക്കു പ്ലാന്‍ ചയ്തു. ആലപ്പുഴ ജില്ലാ ആശുപത്രി (പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി) യിലെ ഒരു ഡോ.  മുസ്തഫാ കമാല്‍ ആസ്തൃയയില്‍ നിന്ന്  ഉന്നത ബിരുദം വാങ്ങി  ഈ എന്‍ റ്റി  സ്പെഷ്യലിസ്റ്റ്റ് ചെയ്യാമെന്നേറ്റു. അന്ന് ഒരു നായ സ്ത്രീയെ  വിവാഹം കഴിച്ച വിപ്ലവകാരി. സര്‍ക്കാര്‍  ആസ്പത്രി  ട്രി ആണെങ്കിലും അയാള്‍ക്ക്‌ ഓപ്പെരെഷന് കൃത്യം പണം എണ്ണികൊടുക്കണം.  പണമിടപാടു എന്റെ ഒരു ചിറ്റപ്പന്‍ വഴിയായിരുന്നു.  പറഞ്ഞുറപ്പിച്ച പണം അച്ഛന്‍  ചിറ്റപ്പനെ ഏല്പിച്ചു. ഒരു ദിവസം വൈകുന്നേരം രാമവര്‍മ്മ ക്ലബ്ബില്‍ നിന്ന്  വന്നാണ്  ഓപ്പെറെഷന്‍  ചെയ്തത്.  തൊണ്ടയുടെ ഉള്‍ഭാഗം മാത്രം മരവിപ്പിച്ചു ചിരവ മാതിരി ഒരുപകരണം ഉപയോഗിച്ച് അല്പാല്പമായി ചുരണ്ടി എടുത്താണ് ടോന്സില്‍ മുറിച്ചു മാറ്റിയത്. ചിറ്റപ്പന്‍ പണം മുഴുവന്‍ കൊടുക്കാഞ്ഞത് കൊണ്ടാണോ  ഒപ്പേരെഷനിടയില്‍ അയാളുടെ  കുപ്പായത്തില്‍  രക്തം തുപ്പിയത് കൊണ്ടാണോ  അറിയില്ല, അയാള്‍  ടോന്സില്സ് പൂര്‍ണമായും  മാറ്റിയില്ല.  തിന്റെ ഒരു ഭാഗം ബാക്കി വച്ചിട്ടുണ്ട്  എന്ന്  ഏതോ ഡോക്ടര്‍ പിന്നീട് പരിശോധിച്ചപ്പോള്‍ പറഞ്ഞു.    ഏതായാലും  ടോന്സില്സ്  മൂലമുള്ള  പനിയുടെ  ആവൃത്തി  കുറഞ്ഞു, കാഴ്ചയില്‍ കുറവ് വന്നു  കണ്ണാടി  വെയ്ക്കേണ്ടി വന്നു എന്ന് മാത്രം. 
 
പക്ഷെ  ഇപ്പോള്‍  ടോന്സില്സ്  മുറിച്ചു മാറ്റുക ശരിയായ രീതി അല്ലെന്നു  പറയുന്നു.  ശ്വാസകൊസ രോഗങ്ങള്‍ വരാതിരിക്കാനുള്ള  ഒരു സുരക്ഷാ വാല്‍വ്  ആയി ടോന്സില്സ്  പ്രവര്‍ത്തിക്കുന്നു. സ്വയം അണുബാധ ഏറ്റുകൊണ്ടു. അതുകൊണ്ടാണോ  അറിയില്ല എനിക്ക് ഇപ്പോഴും ചെറിയ ജല ദോഷം പോലും വന്നാല്‍  വളരെ പെട്ടെന്നാണ്  ചുമയും മറ്റും വരുന്നതു.  ചുമ തുടങ്ങിയാല്‍  ആണ്ടിബയോടിക്സ് കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ചയോ അതിലധികമോ  കഴിയും മാറാന്‍.   അത് കൊണ്ടു   കുഞ്ഞുങ്ങളുടെ ടോന്സില്സ് മുറിച്ചു മാറ്റുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിച്ചു മാത്രം ചെയ്യുക.