ഓര്‍മ്മകള്‍ എഴുതാന്‍ കൊള്ളാവുന്നതെല്ലാം തീര്‍ന്നു എന്ന്
തോന്നുന്നു. എങ്കിലും എന്റെജീവിതത്തില്‍ എന്നെ സ്വാധീനിച്ച ഏതാനും ചിലരെ കൂടി സ്മരിക്കാതെ ഇത് നിറുത്താന്‍ വയ്യ.
പ്രൊഫസര്‍ ജമാലുദീന്‍ ലബ്ബ സാര്‍ എന്റെ അവസാന വര്‍ഷ വാചാ പരീക്ഷയ്ക്ക് പരീക്ഷകന്‍ ആയി വന്നപ്പോഴത്തെ
എന്റെ അനുഭവവും എന്റെ ഉപരി പഠനത്തെ
ആ സംഭവം എങ്ങനെ സ്വാധീനിച്ചു എന്നും ഞാന്‍ മുമ്പെഴുതി. അത് 1968 ല്‍ ആയിരുന്നു എന്നോര്‍ക്കുക. ഇന്നും ഞാന്‍ അദ്ദേഹം
നിര്‍ണായക സ്ഥാനത്തിരുന്നു നയിക്കുന്ന
സ്ഥാപനത്തില്‍ ( എം ഈ എസ് എഞ്ചിനീയറിംഗ്
കോളേജില്‍, കുറ്റിപ്പുറം ) ജോലി ചെയ്യുന്നു എന്നത് യാദൃശ്ചികം എന്ന് പറയാനാവില്ല.
ഞങ്ങള്‍
അവസാന വര്ഷം അയപ്പോഴാണെന്നു തോന്നുന്നു സാര്‍ നമ്മുടെ ടി കെ എമ്മിലെ വൈദ്യുത വിഭാഗം തലവനായത്. അതിനു
മുമ്പ്, തിരുവനന്തപുരം കോളേജില്‍
നിന്ന് അവധിയില്‍ വന്നു ടി കെ എമ്മില്‍
ഉണ്ടായിരുന്ന ഹരിഹരന്‍ സാറും കുറച്ചു നാള്‍ മധു സാറും ആയിരുന്നു തലവന്മാര്‍ എന്ന്
തോന്നുന്നു. സാര്‍ ബോംബെ ഐ ഐ ടി യില്‍
നിന്ന് എം ടെക് ബിരുദം വാങ്ങി വന്നതിനു ശേഷം ആയിരുന്നു തലവനായത് എന്ന്
തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്നാ
നിലയില്‍ സാറിനെ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത് അവസാന വര്ഷം ഇന്ദക്ഷന്‍ മോട്ടോര്‍ ക്ലാസ്
എടുത്തപ്പോഴാണ്. അദ്ദേഹത്തിന്റെ ക്ലാസിനെപ്പറ്റി അസാധാരണമായി ഒന്നും പറയാനില്ല
എന്ന് എനിക്ക് തോന്നുന്നു.. പല ദിവസവും സാര്‍ ക്ലാസില്‍ ചര്‍ച്ച ചെയ്തിരുന്നത് ആള്‍ക്കാരുമായി എങ്ങനെ
ഇടപെടണം എന്നതിനെകുറിച്ചായിരുന്നു. ഡെയില്‍ കാര്‍ണഗിയുടെ പുസ്തകങ്ങളിലെ
വിഷയങ്ങളായിരുന്നു പല ക്ലാസിലും ചര്‍ച്ചാ
വിഷയം. ജീവിതത്തില്‍
എന്ചിനീയരിങ്ങിനെക്കാള്‍ പ്രധാനമായത് ഇത്തരം കാര്യങ്ങളാണ് എന്ന് ഞാന്‍
ഒരദ്ധ്യാപകനായിക്കഴിഞ്ഞാണ് മനസിലായത്. ലബ്ബ സാറ് വ്യക്തികളെ എങ്ങനെ അനായാസമായി കൈകാരം ചെയ്യുന്നു എന്നത്
ഇന്നും ആര്‍ക്കും മാതൃക ആക്കാവുന്ന രീതിയാണ്.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു
ലബ്ബ സാറിനെപ്പോലെ
നിശ:ബ്ദമായി ഇത്രമാത്രം സംഭാവന
ചെയ്ത ഒരാള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഉണ്ടോ എന്ന് സംശയമാണ്
.
സാറിന്റെ
ബഹു മുഖമായ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് അറിയാവുന്ന ചിലത് പറയട്ടെ. ഞങ്ങള്‍
പഠിക്കുന്ന കാലത്ത് അഞ്ചു വര്‍ഷവും
കോളേജിലെ കെട്ടിടത്തിന്റെ കിഴക്കേ അറ്റത്തെ ഭാഗം മാത്രമേ പണി തീര്‍ന്നിട്ടുണ്ടായിരുന്നുള്ളൂ. താഴത്തെ
നിലയില്‍ ഇലക്ട്രിക്കല്‍ ലാബുമാത്രം തീര്‍ന്നിരുന്നു,
ഇടക്ക് പണി തീരാത്ത ഭാഗവും ഉണ്ടായിരുന്നു. ലൈബ്രറി കെട്ടിടവും കോളേജു ഓഫീസും പ്രിന്സിപാളിന്റെ ക്യാബിനും
ഒന്നോ രണ്ടോ ക്ലാസ് മുറികളും മാത്രം മുകളിലത്തെ നിലയില്‍.
ഞങ്ങള്‍
കോര്‍സ് തീര്‍ന്നു പോന്നതിനു ശേഷം കുറെ വര്‍ഷങ്ങള്‍ കെട്ടിടം ഇങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ലബ്ബ സാര്‍ പ്രിന്സിപല് ആയി ചാര്ര്‍ജെടുതത്തിനു ശേഷം ടി കെ എം കോളെജിനു ഉണ്ടായ പുരോഗതി അസാധാരണമായിരുന്നു. കെട്ടിടത്തിന്റെ
പണി പൂര്‍ത്തിയാക്കി, പുതിയതായി മൂന്നോ
നാലോ ബി ടെക് കോര്സും വിവിധ
എം ടെക് കോര്സുകളും തുടങ്ങി. ശരിക്കും ടി കെ എം തിരുവനന്തപുരം കോളേജുമായി മിക്കവാറും
ഒപ്പത്തിനൊപ്പം ആയി മാറി, അല്ല , ലബ്ബ
സാര്‍ മാറ്റിയെടുത്തു എന്നതാണ് വസ്തുത. ഇതിനു പ്രധാനപ്പെട്ട ഒരു കാരണം സാറിനു
കേന്ദ്ര കേരളാ സര്‍ക്കാരുകളിലെ ഉയര്‍ന്ന
ഉദ്യോഗസ്ഥന്മാരെ എങ്ങനെ കൈകാര്യം ചെയ്യാന്‍
കഴിഞ്ഞു എന്നതാന്.. മാനേജ് മെന്റിന്റെ
സഹകരണം ഇല്ലാതില്ല എങ്കിലും ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ചില
വ്യക്തികള്‍ തലവരായി വന്നാല്‍ ഉണ്ടാകുന്ന മെച്ചം ടി കെ എമ്മിന് ഉണ്ടായി. ഞാന്‍
ദീര്‍ഘ കാലം ജോലി ചെയ്ത കോഴിക്കോട് റീജിയണല്‍
എഞ്ചിനീയറിംഗ് കോളേജില്‍ ഡോ
ഉണ്ണികൃഷ്ണ പിള്ള സാര്‍ പ്രിന്സിപല് ആയി
പത്തിലധികം വര്ഷം ഇരുന്നപ്പോള്‍ ആര്‍ ഈ സി
യുടെ സുവര്‍ണ കാലം ആയിരുന്നത് പോലെ ടി കെ എമ്മിന്റെ സുവര്‍ണകാലം ആയിരുന്നു ലബ്ബ സാറിന്റെ ഭരണകാലം.
സാറിന്റെ
ഭരണ ശേഷി ഐ എസ റ്റി ഇ യും
ഇപ്പോള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എം ഈ എസും ഉപയോഗിക്കുന്നു. 75 വയസ്സില്‍ കുറയാതെ പ്രായമുള്ള
സാര്‍ ഇപ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും കുറ്റിപ്പുറത്തും കോഴിക്കോട്ടും എത്തുന്നു,
കോളേജ് ഭരണ സംബന്ധമായി. എം ഇ എസ് ട്രസ്റ്റിന്റെ സെക്രട്ടറി ആണ് സാര്‍ ഇപ്പോള്‍. സാറിന്റെ ഊര്‍ജ
സ്വലതയും ഓരോ കാര്യത്തിലും ഉള്ള താല്പര്യവും
ഞങ്ങള്‍ക്കൊക്കെ ഇന്നും
അത്ഭുതത്തോടെ നോക്കി നില്‍ക്കാനേ
കഴിയുന്നുള്ളൂ. ഇതിനെല്ലാമുപരി പൂര്‍വ
വിദ്യാര്‍ത്ഥികളുടെ സമ്മേളനം എവിടെ ഉണ്ടെന്കിലും
ദ്യൂബായിലായാലും കൊല്ലത്തായാലും
കോഴിക്കോട്ടായാലും സാറിനെ അറിയിച്ചാല്‍ സാര്‍ തീര്‍ച്ചയായും വരും, സാറിന്റെ
സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം ചാലിച്ച വാക്കുകളില്‍ ഒരു ചെറു പ്രസംഗം എങ്കിലും നടത്തി നമ്മെ അനുഗ്രഹിക്കുകയും ചെയുന്നു.
അതുകൊണ്ടു
ഈ അവസരത്തില്‍ ലബ്ബ സാര്‍ എന്ന
ഭരണാധികാരിയെ, മനുഷ്യ സ്നേഹിയെ, സ്നേഹ നിധിയായ അദ്ധ്യാപകനെ അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചുതന്ന നല്ല വഴിയെ
ഓര്‍ത്തു സാഷ്ടാംഗം
പ്രണമിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ