ഞങ്ങളുടെ
അവസാന വര്‍ഷം ഉണ്ടായിരുന്ന ഒരു വിഷയമായിരുന്നു ഇന്ഡസ്ട്ട്രിയല്‍ ഇലക്ട്രോണിക്സും കണ്ട്രോള്‍ സിസ്റ്റവും ഇതില്‍ കണ്ട്രോള്‍ സിസ്റ്റം കൂടുതല്‍
മാത്തമാറ്റിക്സ് ഉള്ളതുകൊണ്ടോ എന്തോ പലര്‍ക്കും
വിഷമമുള്ളതായിരുന്നു. പരീക്ഷയ്ക്ക് ആകെ അഞ്ചു ചോദ്യത്തില്‍ രണ്ടെണ്ണത്തിനെങ്കിലും
കണ്ട്രോള്‍ സിസ്റ്റത്തില്‍ നിന്ന് ഉത്തരമെഴുതിയെ
മതിയാവൂ.. ഈ വിഷയം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നത് ബെങ്കാളില്‍ നിന്ന് വന്ന ഒരു മുഖോപാധ്യായ. അദ്ദേഹത്തിന്
കണ്ട്രോള്‍ സിസ്റ്റം വല്ലതും അറിയാമോ എന്ന് സംശയം ആയിരുന്നു. വര്ഷം മുഴുവന്‍
തീര്‍ന്നിട്ടും അദ്ദേഹം ആ ഭാഗം ഒന്നും
പഠിപ്പിച്ചില്ല. ചുരുക്കത്തില്‍
പഠിപ്പിച്ചാല്‍ തന്നെ പരീക്ഷയ്ക്ക് വിഷമം ആയ ഇത് തനിയേ പഠിക്കേണ്ട ഗതികേട് വന്നു. ( ഒരു രഹസ്യം : ശ്രീ
മുഖര്‍ജി കേരളത്തില്‍ വന്നത് എസ് യു സി ഐ
എന്ന പുതിയ പാര്‍ട്ടിയുടെ
പ്രചാരണത്തി നായിരുന്നു എന്ന് ജനസംസാരം) . അന്ന് അറിയപ്പെടുന്ന പുസ്തകം
ആയിരുന്ന പുസ്തകം ബെഞ്ചമിന്‍ കോ യുടെതായിരുന്നു. അത് വായിച്ചാല്‍
ഞങ്ങള്‍ക്ക് ഒന്നും മനസിലാവുമായിരുന്നില്ല. ഗംഗാധര്‍ എന്നയാള്‍ എഴുതിയ ഗൈഡ്
പോലെയുള്ള ഒരു കൊച്ചുപുസ്തകം നോക്കി ഒന്ന് രണ്ട്രു ചോദ്യം ഒപ്പിക്കല്‍
മാത്രമേ കൂട്ടത്തില്‍ പ്രഗത്ഭരായവര്‍ക്ക്
പോലും കഴിയുമായിരുന്നുള്ളൂ. ഇത് മുഖവുര
മാത്രം. തിയറി പരീക്ഷ ഒരു വിധം എഴുതി
എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ആണ് എനിക്ക് പാര എന്റെ വേറെ രൂപത്തില്‍ ആണ് വന്നത്.
അവസാന
വര്‍ഷം ഒരു വാചാ പരീക്ഷയുണ്ട്. വൈവ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ പരീക്ഷ പലര്‍ക്കും പേടി
സ്വപ്നമാണ്, അന്നും ഇന്നും. കാരണം
വൈവായില്‍ അഞ്ചു വര്ഷം പഠിച്ച വിഷയങ്ങളില്‍ എന്തും ചോദിക്കാം, പരീക്ഷകന്റെ യുക്തം
പോലെ. പക്ഷെ സാധാരണ പ്രോജെക്ട് വര്‍ക്കും
സെമിനാര്‍ പേപ്പറും അടിസ്ഥാനമാക്കിയാണ് കൂടുതലും ചോദ്യങ്ങള്‍. വകുപ്പ് തലവന്‍
സാധാരണ ഇന്റെര്‍ണല്‍ പരീക്ഷകനായിരിക്കും. ഞങ്ങളുടെ ഹെഡ്
ലെബ്ബ സാര്‍ തന്നെ. പുറത്തു നിന്ന് വന്നത്
ഡോ കെ വി മാത്യു എന്നാ പ്രൊഫസര്‍. ക്യനടായില്‍ നിന്നും കണ്ട്രോള്‍ സിസ്റ്റത്തില്‍ പി എച് ഡി
കഴിഞ്ഞു തിരിച്ചു വന്നിട്ട് ഏതാനും
മാസങ്ങള്‍ ആയിട്ടുള്ളൂ എന്ന് ആരോ പറഞ്ഞു.
ഏതായാലും
വൈവ തുടങ്ങി. മിക്കവരും വലിയ ബുദ്ധിമുട്ടില്ലാതെ രക്ഷപ്പെട്ടു കൊണ്ടിരുന്നു. എന്റെ മുറയായി.
ഞാന്‍ പ്രോജെക്റ്റ് റിപ്പോര്‍ട്ടും സെമിനാര്‍ പേപ്പറും എല്ലാം എടുത്തു അകത്തു
കയറി. ഇലക്ട്രോളിറ്റിക്ക് ടാങ്കില്‍
കാന്തിക മാപ്പുണ്ടാക്കുന്ന ഒരു
സംവിധാനം ആയിരുന്നു പ്രോജെക്റ്റ്. മാഗ്നെറ്റോ ഹൈഡ്രോഡയനാമിക്സ് എന്ന പുതിയ
വൈദ്യുതോത്പാദനരീതിയെപ്പറ്റി സെമിനാറും. ഇതില്‍ രണ്ടില്‍ നിന്നും ഏതാനും
ചോദ്യങ്ങള്‍ ചോദിച്ചു. നല്ല വണ്ണം തയാറായിരുന്നത് കൊണ്ടു ഉത്തരം പറയാന്‍
വിഷമിച്ചില്ല. പക്ഷെ അത് കഴിഞ്ഞു
അദ്ദേഹം കണ്ട്രോള്‍ സിസ്റ്റത്തില്‍ എത്തി. ശരവര്‍ഷം പോലെ
ചോദ്യങ്ങള്‍. എനിക്കൊന്നും പറയാന്‍
കഴിഞ്ഞില്ല. പോളും സീരോയും നൈക്വിസ്റ്റും
ബോഡേയും എല്ലാം വ്യക്തമായി പറയാന്‍
കഴിഞ്ഞില്ല. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ അദ്ദേഹം എന്നെ നിര്‍ത്തി പൊരിച്ചു എന്ന്
പറയുകയാവും ശരി. വിയര്‍ത്തു കുളിച്ചു ഞാന്‍
പുറത്തേക്കു പോന്നു. എന്റെ ഭാവം കണ്ടു
ലെബ്ബ സാര്‍ അടുത്തയാള്‍ കയറുന്നതിനു മുമ്പ് പുറത്തു വന്നു എന്നോടു പറഞ്ഞു “ താന്‍
വിഷമിക്കേണ്ട , ഞാന്‍ ഒരു അബദ്ധം കാണിച്ചു, താന്‍ വരുന്നതിനു മുമ്പ് തന്‍
മിക്കവാറും യൂനിവേര്സിറ്റി റാങ്ക്
ആയിരിക്കും എന്ന് പരിചയപ്പെടുത്തി” എന്നും
അതുകൊണ്ടാണ് ചോദ്യം ഇത്ര
കടിനമായതെന്നും മാര്‍ക്ക് കുറയില്ല എന്നും
സമാധാനിപ്പിച്ചു. എന്റെ തലക്കനം
കുറയ്ക്കാനോ തിരുവനന്തപുരം കൊളേജുകാരുടെ
പതിവ് സ്വഭാവം കാണിച്ചതോ അറിയില്ല.
ലെബ്ബ
സാര്‍ വാക്ക് പാലിച്ചു, എനിക്ക് വൈവയ്ക്ക്
50
ല്‍ 48 മാര്‍ക്ക് തന്നെ കിട്ടി. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ ഒന്ന് തീരുമാനിച്ചു. എന്നെങ്കിലും ഞാന്‍
ഉന്നത വിദ്യാഭ്യാസത്തിനു പോയാല്‍ കണ്ട്രോള്‍ സിസ്റ്റം തന്നെ പഠിക്കുമെന്ന്. ദൈവ
സഹായത്താല്‍ അത് തന്നെ സാധിച്ചു. ഐ ഐ റ്റി
മദ്രാസില്‍ എന്റെ എം ടെക്കിന്റെയും ഐ ഐ റ്റി ഡല്‍ഹിയില്‍ എന്റെ പി എച് ഡിയുടെയും വിഷയം
ഇതു തന്നെ ആയിരുന്നു. ഈ വിഷയത്തില്‍ അത്ര മോശമല്ലാത്ത ഒരു പുസ്തകവും എഴുതാന്‍ കഴിഞ്ഞു. മുപ്പതു വര്‍ഷത്തോളം ബി.ടെക്
എം.ടെക് കുട്ടികളെ പഠിപ്പിക്കാനും
കഴിഞ്ഞു. ഉര്‍വശീശാപം ഉപകാരമായി ഒരിക്കല്‍ കൂടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ