ഞങ്ങളുടെ നാട്ടിലെ ഒരു സാധാരണ സ്കൂളായ (അന്നും ഇന്നും) മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്കൂളില്‍ നിന്ന് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനായി 1962 ബാച്ചിലെ ആറു ഫസ്റ്റ് ക്ലാസ് ഉള്ളവരില്‍ ഏറ്റവും കൂടുതല്‍ മാര്ക്കു വാങ്ങി എസ് എസ് എല്‍ സി പാസായി. 700 ല്‍ 496 മാര്ക്ക് ഇന്നത്തെ നിലവാരത്തില്‍ ഒന്നുമല്ല എങ്കിലും അന്ന് അതത്ര മോശമല്ലാത്ത മാര്ക്കായിരുന്നു. കഷ്ടിച്ച് കേരളത്തില്‍ നിന്നുള്ള നാഷണല്‍ മെരിറ്റ് സ്കോളര്ഷിപ്പ് പട്ടികയില്‍ 138 ൽ 131ആമനായി കടന്നു കൂടാന്‍ കഴിഞ്ഞു എന്നത് തന്നെ തെളിവ്. ഉന്നത വിദ്യാഭ്യാസത്തിനു പാലക്കാട്ട് ഗവ. വിക്ടോറിയ കോളേജില്‍ ജ്യേഷ്ഠ സഹോദരന്റെ കൂടെ താമസിച്ചു പഠിക്കുവാന്‍ പോന്നു. കൂടെയുള്ള പലരും ആലപ്പുഴ സനാതന ധര്‍മ്മ കോളെജിലോ, ചങ്ങനാശ്ശേരി സെന്റ് ബെര്ക്ക്മാന്സ് കോളെജിലോ എന്‍ എസ് എസ് ഹിന്ദു കോളെജിലോ ആണ് ചേര്ന്നതെന്നു തോന്നുന്നു. ജ്യെഷ്ടന്റെ കൂടെ താമസിച്ചു പഠിച്ചാല്‍ നല്ല നിലയില്‍ പ്രീ യുണിവേര്‍സിറ്റി പരീക്ഷ പാസാകാന്‍ കഴിയും. ഏതെങ്കിലും പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം വാങ്ങാന്‍ കഴിയുമെന്നു കരുതിയായിരുന്നു. അന്നത്തെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ തിരക്കുള്ള യാത്രയും ഒഴിവാക്കാം. അന്ന് (1962) കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങള്‍ തീര്ന്നിട്ടില്ലായിരുന്നു അതുകൊണ്ടു ആലപ്പുഴയ്ക്ക് പോകാന്‍ മൂന്നു ബസ്സും ചങ്ങനാശ്ശേരിക്കു രണ്ടു ബസ്സും കയറി ഇറങ്ങണമായിരുനു.
പാലക്കാട്ട്താ മസിച്ച ഒരു വര്ഷം മുഴുവന്‍ മരിച്ചു പഠിച്ചിട്ടും പ്രീയുണിവേര്സിറ്റി പരീക്ഷയ്ക്ക് ഫിസിക്സിന് മാര്ക്ക് കുറവായിപോയി, വെറും 50 ല്‍ 35 മാര്ക്ക് മാത്രം. അന്നു പ്രവേശനപരീക്ഷയില്ല പ്രീ യൂണി വേർസിറ്റിക്കു ശാസ്ത്രവിഷയങ്ങൾക്കുള്ള 200 മാർക്കുമാത്രം നോക്കിയാണു പ്രൊഫഷണൽ കോളേജ് പ്രവേശനം. കണക്കിനും കെമിസ്ത്രിക്കും മിക്കവാറു്ം മുഴുവന്‍ മാര്ക്കുണ്ടായിരുന്നിട്ടും ഒന്നാമതായി ആഗ്രഹിച്ച മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല. കോടതിയിൽ റിട്ടു കൊടുത്തവർക്കു സീറ്റു കൊടുക്കാൻ ഉത്തരവായി. ഇതേ കാരണം കൊണ്ടു തന്നെ 1963 ലെ എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ ആദ്യലിസ്റ്റിലും പെട്ടില്ല. രണ്ടാം ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരുടെ പഴയ ആപ്പീസിനു ( ചന്ദ്രശേഖരന്‍ നായര്‍ സ്റ്റെഡിയതിനു അടുത്ത് ) പുറത്തെ മൈതാനത്തില് ഒരുത്സവത്തിനുള്ള ആള്ക്കാര്‍ കൂടിയിരുന്നു. മുറയ നുസരിച്ച് ഇന്റെര്വ്യുവിനു വിളിച്ചു. പ്രൊ. കെ സി ചാക്കോ എന്ന അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ പറഞ്ഞു “ താന്‍ ,ആലപ്പുഴക്കാരനല്ലേ , കൊല്ലത്തു പഠിച്ചാല്‍ മതി”. തലസ്ഥാന നഗരിയില്‍ പഠിക്കാനുള്ള ആഗ്രഹം അദ്ദേഹം തല്ലിക്കെടുത്തി , എന്നാലും കൊല്ലത്തു പഠിച്ചത് കൊണ്ടു എനിക്ക് ഒരിക്കലും ദു:ഖിക്കേ ണ്ടി വന്നില്ല, ഹമീദ്സാര്‍ എന്ന പ്രിന്സിപ്പല്‍ ഉണ്ടാക്കിയ ഉയര്ന്ന അച്ചടക്കം, നല്ല അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും സ്നേഹപൂര്വമായ സഹായങ്ങള്‍ എന്നിവയോടെ 1968 ല്‍ ഒന്നാം റാങ്കോടെ പാസായി. ഈ അഞ്ചു വര്ഷത്തെ ഓര്മ്മി്ക്കുന്ന ചില കാര്യങ്ങള്‍ എഴുതുന്നു, താല്പര്യം ഉള്ളവര്‍ വായിക്കുക, അഭിപ്രായം പറയുക. ഞങ്ങളെ പഠിപ്പിച്ചു വലുതാക്കിയ ബഹുമാന്യരായ അദ്ധ്യാപകര്ക്കും മറ്റു അദ്ധ്യാപ കേതര ജീവനക്കാര്ക്കും ഇതിനെല്ലാമുപരി എന്നെ ഒരു എഞ്ചിനീയര്‍ (അദ്ധ്യാപകന്‍) ആക്കാന്‍ സഹായിച്ച സ്നേഹനിധികളായ എല്ലാ സുഹൃത്തുക്കള്ക്കും നമസ്കാരവും നന്ദിയും പറഞ്ഞു തുടങ്ങുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ