ഞങ്ങളൊക്കെ പഠിച്ച അഞ്ചു വര്ഷ കോഴ്സിനു ആദ്യത്തെ രണ്ടു വര്ഷം എല്ലാ വിഷയവും കുറേശ്ശെ പഠിക്കണമായിരുന്നു, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എല്ലാം. ഒരാഴ്ച നീണ്ടു നിന്ന സർവേ ക്യാമ്പ് വരെ ഉണ്ടായിരുന്നു. കരിക്കോട് പഞ്ചായത്ത് മുഴുവന്‍ സർവേ ചെയ്തു കോന്ടൂര്‍ മാപ്പുണ്ടാക്കുകയായിരുന്നു ഞങ്ങള്ക്ക് കിട്ടിയ ജോലി. വീടുകളില്‍ കയറി പട്ടിയുടെ കടി കൊള്ളാതെ ഓടിയും തെങ്ങില്‍ കയറി ഇളനീര്‍ (കരിക്ക്) ഇട്ടതിനു തല്ലു കൊള്ളാതെയും പ്ലെയിന്‍ ടെബിളും തൂക്കി ഞങ്ങള്‍ നടന്നു. വര്ക്ക് ഷാപ്പില്‍ എല്ലാ പണിയും പഠിക്കണം, ആദ്യ വര്ഷം ആശാരിപ്പണി, മൂശാരി പണി ( ഫൌണ്ട്രി ) എന്നിവയും, രണ്ടാം വര്ഷം കൊല്ലപ്പണി, ഫിറ്റിന്ഗ് എന്നിവയും ആയിരുന്നു. അല്പം മെഷീന്‍ ഷോപ്പും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.
എനിക്ക് രണ്ടാം വര്ഷ അവസാന പരീക്ഷയില്‍ ഉണ്ടായ അല്പം വേദന ഉണ്ടാക്കിയ അനുഭവം ഇവിടെ രേഖപ്പെടുത്തട്ടെ. എന്റെ സഹോദരിയുടെ വിവാഹം ഏപ്രില്‍ അവസാനം ആയി രുന്നു. പരീക്ഷ അടുത്തതു കൊണ്ട് തലേ ദിവസത്തെ ബോട്ടില്‍ കയറി വീട്ടില്‍ എത്തി. എന്നാല്‍ പോയ വഴി ഒരു ബന്ധു വീട്ടില്‍ ഏതാനും മണിക്കൂര്‍ കഴിച്ചു. അവിടെ ഒരാളിന് ചിക്കന്‍ പോക്സ് ഉണ്ടായിരുന്നു, അറിയാ തെയാണ് കയറിയത് . കല്യാണം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തിയറി പരീക്ഷയ്ക്ക് സമയം ആയി. എല്ലാം ഒരു വിധം നന്നായി എഴുതി. അവസാന ദിവസം സർവേ തിയറി ആണ്. തലേ ദിവസം മുതല്‍ കലശലായ തലവേദന തുടങ്ങി. ഏതായാലും ഒരു വിധം പരീക്ഷ എഴുതി ലോഡ്ജില്‍ വന്നു. ഷര്‍ട്ടു ഊരിയപ്പോള്‍ ഒരു കൂട്ടുകാരന്‍ പറഞ്ഞു എടാ നിന്റെ പുറത്തു കുരുക്കള്‍ ഉണ്ട്, എളുപ്പം വീട്ടില്‍ പൊക്കോ, ബന്ധു വീട്ടില്‍ നിന്നും കിട്ടിയ ചിക്കന്‍ മുട്ടയിട്ടു വിരിഞ്ഞു തുടങ്ങിയിരുന്നു, പുറത്തു. രാത്രിയിലുള്ള ബോട്ടിന് വീട്ടിലേക്കു പോന്നു. അന്ന് ചിക്കന്‍ പോക്സ് വന്നാല്‍ മസൂരി പോലെ തന്നെ വളരെ കര്ശനമായ നിയന്ത്രണമാണ്, ഭക്ഷണം വളരെ ലഘു, ഉപ്പും എണ്ണയും പാടില്ല, ഒരേ മുറിയിൽ ഒറ്റയ്ക്കിരിക്കണം, വായിക്കാന്‍ പോലും പാടില്ല. അങ്ങനെ പതിനാലു ദിവസം വീട്ടു തടങ്കലില്‍ കഴിഞ്ഞു കുളിച്ചു പിറ്റേ ദിവസം തന്നെ കൊല്ലത്തേക്ക് തിരിച്ചു, പ്രായോഗിക പരീക്ഷകള്‍ തുടങ്ങിയിരുന്നു, അത് പരമാവധി മാറ്റി അവസാനത്തെ ദിവസത്തേക്ക് ആക്കാന്‍ സ്നേഹ നിധികളായ ടി കെ എമ്മിലെ അദ്ധ്യാപ കര്‍ സഹായിച്ചു.
ആദ്യം സർവേ ആണ്, നല്ല പൊരിഞ്ഞ വെയില ത്തു നിന്നാണ് സർവേ പ്രാക്ടിക്കല്‍ ചെയ്യേണ്ടത്. ചെയ്‌താല്‍ മാത്രം പോരാ മറ്റൊരാളെ സഹായി ക്കുകയും വേണം. ചിക്കന്‍ പോക്സ് കുളിച്ചു വെയില്‍ കൊണ്ടാല്‍ വീണ്ടും വരുമെന്നാരോ ഭയപ്പെടുത്തി, നല്ല ക്ഷീണവും ഉണ്ട്. ഒരു കൂട്ടുകാരനെ കൂട്ടി ഇന്റെര്ണല്‍ പരീക്ഷകനായ സാറിന്റെ അടുത്തു ചെന്ന് എന്നെ സഹായി ജോലിയില്‍ ന്നിന്നൊഴിവാക്കാന്‍ അപേക്ഷിച്ചു. അദ്ദേഹം തിരുവനന്ത പുരത്ത് നിന്ന് വന്ന ജോണ് എന്ന എക്സ്റ്റെര്ണല്‍ പരീക്ഷകന്റെ അനുമതി തേടി. അല്പം മൂലക്കുരുവിന്റെ അസുഖം ഉള്ള അദ്ദേഹം പറഞ്ഞു “പറ്റത്തില്ല, നീ തന്നെ സഹായി ആയി ചെയ്തെ പറ്റൂ”.
അങ്ങനെ രണ്ടു ദിവസം വെയില്‍ കൊണ്ടു വാടി ത്തളര്ന്നു മൂന്നാം ദിവസം വര്ക്ക് ഷാപ്പില്‍ എത്തി. കൊല്ലപ്പണി കിട്ടല്ലേ എന്ന് പ്രാര്‍ഥിച്ചു, അത് തന്നെ കിട്ടി. ചതുരത്തലയുള്ള ബോള്‍ട്ടു ണ്ടാക്കണം, വലിയ കൂടം എടുത്തു ആദ്യത്തെ ഒരു മണിക്കൂര്‍ ചെയ്തു, ബോള്ട്ടിന്റെ വാല് മാത്രം ആയി, തല ഉണ്ടാക്കാന്‍ കഴിയുന്നില്ല, കൂടം പൊങ്ങുന്നില്ല, തളര്ന്നു പോയി. ചില കൂട്ടുകാ ര്ക്ക് വേണ്ടി ഫൌന്ട്രിയിലെ മണ്ണില്‍ പൂഴ്ത്തി വച്ച ഫിനിഷ് ചെയ്ത മോഡല്‍ തയാറാണ്, പക്ഷെ അന്നും ഇന്നും അത്ര സ്മാര്ട്ടല്ലാത്ത ഞാന്‍ അത്തരം ‘ തരികിട’ ചെയ്യാറില്ല. സമയം കഴിഞ്ഞപ്പോള്‍ ആയതു പോലെ മോഡല്‍ കൊടുത്തു, ഒറ്റ നോട്ടത്തില്‍ അത് ബോള്ട്ട് ആണെന്ന് എഴുതി വയ്ക്കണം , അങ്ങനെ.
പരീക്ഷയ്ക്ക് തോല്ക്കുമെന്നുറപ്പായി, ആരോ പറഞ്ഞു സെഷണല്‍ മാര്ക്കും എനിക്ക് കുറവാണെന്ന്, ഒരു വിഷയം മാത്രം തോറ്റാല്‍ പ്രമോഷന്‍ കിട്ടുമെങ്കിലും സ്കൊളര്ഷിപ്പ് പോകും, ഉറപ്പാണ്. ആകെ വിഷമിച്ചു. പരീക്ഷ തീരുമ്പോള്‍ ഇന്റെര്ണല്‍ പരീക്ഷകനെ കണ്ട് ഞാന്‍ ജയിച്ചോ എന്നറിയണം, അതിനു കാത്തിരുന്നു വര്ക്കു ഷോപ്പിന്റെ മുമ്പില്‍. ഗഫൂര്‍ സാര്‍ ആയിരുന്നു പരീക്ഷകന്‍ ,ഞാന്‍ കാത്തു നില്കു ന്നത് കണ്ടു സാര്‍ ചോദിച്ചു “എന്താടാ “ . ഞാന്‍ വിവരം പറഞ്ഞു ഇന്നത്തെ പരീക്ഷയില്‍ ആരെങ്കിലും തോറ്റിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഞാനായിരിക്കും എന്നുറപ്പാണ് . സാര്‍ ആദ്യം വഴക്ക് പറഞ്ഞെങ്കിലും എന്റെ ദയനീയ ഭാവം കണ്ടു അകത്തുപോയി നോക്കി, ആരും തോറ്റിട്ടില്ല എന്ന് പറഞ്ഞു. സമാധാനമായി, വീട്ടിലേക്കു പോന്നു. എന്റെ പഠന കാലത്തെ ആദ്യത്തെയും അവസാനത്തെയും തോല്‍വിയുടെ ഭയം അതായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ