ഏതായാലും സാറന്മാരെ പറ്റി ‘അപഖ്യാതി’ പറഞ്ഞു തുടങ്ങിയില്ലേ? നമ്മുടെ സീനിയേര്സിന്റെ ഇടയില്‍ അദ്ധ്യാപകരെപറ്റി ( ഞാന്‍ പഠിച്ച കോളേജിലെ അല്ല) പറഞ്ഞു കേട്ടിട്ടുള്ള ചില കഥകള്‍ പറയാം. പുതിയതായി ജോലിക്ക് ചേരുന്ന അദ്ധ്യാപകര്ക്ക് ആദ്യത്തെ ക്ലാസുകളില്‍ ഉണ്ടായ ചില അനു ഭവങ്ങളാകട്ടെ ആദ്യം. ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ എനിക്കും ഇതുപോലെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറയാനാവില്ല.
1. പുതിയ ലേഡി ടീച്ചര്‍
ഒരു പുതിയ ചെറുപ്പക്കാരിിയും സുന്ദരിയുമായ ലേഡി ടീച്ചര്‍ പഠിപ്പിക്കാന്‍ വരുന്നു. പ്രൊഫസര്‍ വന്നു ശ്രീമതിയെ പരിചയപ്പെടുത്തിയതിനു ശേഷം പോയി. അവര്‍ മെല്ലെ ക്ലാസ് തുടങ്ങുന്നു.
ടീച്ചര്‍ ഇങ്ങനെ തുടങ്ങി : “സുഹൃത്തുക്കളെ, ഞാന്‍ ഒരു പക്ഷെ നിങ്ങളെക്കാള്‍ ഒന്നോ രണ്ടോ വര്ഷം മാത്രം പ്രായം കൂടുതല്‍ ഉള്ളയാളാണ്. ഇന്നലെയെന്നോണം നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ നിങ്ങള്‍ ഒരു സുഹൃത്തായി കണക്കാക്കണം സാധാരണ അദ്ധ്യാപിക വിദ്യാര്ഥി ബന്ധത്തെക്കാള്‍ സുഹൃദ് ബന്ധം ആണ് ഞാനാഗ്രഹിക്കുന്നത് “
പുറകിലത്തെ ബെന്ചില്‍ നിന്ന് “ അല്ല ബീഡി ഉണ്ടോ ടീച്ചറെ ഒന്നെടുക്കാന്‍, തീപ്പെട്ടി എന്റെ കയ്യില്‍ ഉണ്ട് “
മറ്റൊരാള്‍ : “ടീച്ചര്‍ വെറുതെ പഠിപ്പിച്ചു വിഷമിക്കേണ്ട, ചുമ്മാ ഞങ്ങളുടെ മുന്നില്‍ അങ്ങനെ അങ്ങ് നിന്നാല്‍ മതി , ഞങ്ങള്‍ തനിയെ പടിച്ചു കൊള്ളാമല്ലോ. (എന്താണ് പഠിക്കുന്നത് ?)
2. കുട്ടിമാഷിന്റെ ആദ്യത്തെ ക്ലാസ്
അദ്ധ്യാപക ജോലിയില്‍ ചേര്ന്ന ശേഷം ആദ്യത്തെ ദിവസങ്ങളില്‍ പഠിപ്പിക്കാന്‍ വേണ്ടി പോകുമ്പോള്‍ മിക്കവാറും എല്ലാവര്ക്കും ഉണ്ടാകാവുന്ന ഒരനു ഭവം ഇതാണ്. ക്ലാസ് എടുക്കാന്‍ എത്ര കൂടുതല്‍ തയാറായാലും ഒരു മണിക്കൂര്‍ തികച്ചും ക്ലാസ് എടുക്കാന്‍ കഴിയാറില്ല, ‘മരുന്ന്’ തീര്ന്നു പോകുക’ എന്നാണു ഞങ്ങളുടെ കോഡ് ഭാഷ ഇതിനു.
ഒരു കുട്ടിമാഷിന്റെ അനുഭവം. ലാബ് ക്ലാസ് ആണ്, പ്രൊഫസര്‍ ശരിക്കും വളരെ കണിശക്കാരനാണ്, ക്ലാസ് ഫ്രീ വിടുന്നതിനു തീരെ എതിര്. മൂന്നു മണി ക്കൂര്‍ ഉള്ള ലാബ് ആണ്. കുട്ടിമാഷ് ആദ്യം കുട്ടി കളെ ലാബില്‍ കൊണ്ടു പോയി അവിടത്തെ പ്രധാന ഉപകരണങ്ങളും മറ്റും കാട്ടി കൊടുത്തു , വിശദീകരിച്ചു, അര മണിക്കൂര്‍ കഴിഞ്ഞു. കൂടുത ലൊന്നും പറയാന്‍ ഇല്ല. അദ്ദേഹം പറഞ്ഞു : ഇനി നമ്മള്‍ക്ക് ലെക്ചര്‍ ഹാളില്‍ പോകാം.” . എല്ലാവരെയും കൂട്ടി അദ്ദേഹം അടുത്തുള്ള ലെക്ചര്‍ ഹാളില്‍ എത്തി, അവിടെ ബോര്ഡ് ഉള്ളതു കൊണ്ട് ചില ഉപകരണങ്ങളുടെ ചിത്രം വരച്ചു. കുട്ടികളെ കൊണ്ടു അത് വരപ്പിച്ചു കുറെ സമയം ലെക്ചര്‍ ചെയ്തു, പിന്നെയും അര മണി ക്കൂര്‍ കൊണ്ടു മരുന്ന് കഴിഞ്ഞു. ഇനി നമുക്ക് ലാബില്‍ പോകാം എന്നായി മാഷ്. എല്ലാവരും വീണ്ടും ലാബിലേക്ക്. ലാബില്‍ എത്തി വീണ്ടും എന്തൊക്കെയോ പറഞ്ഞു കുറച്ചു സമയം കഴിഞ്ഞു. അപ്പോള്‍ ഇനി നമുക്ക് ഇതിന്റെ യൊക്കെ ചിത്രം വരക്കാം, അതിനു വേണ്ടി വീണ്ടും ലെക്ചര്‍ ഹാളില്‍ പോകാന്‍ എല്ലാവ രോടും പറഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ അല്പം വികൃതികളായ മൂന്നുപേര്‍ ലാബില്‍ തന്നെ നിന്നു.
ഏതാനും മിനുട്ടു കള്‍ കഴിഞ്ഞു, അതാ വരുന്നു പ്രൊഫസര്‍ ലാബിലേക്ക്! മുന്കാപിയും അച്ചടക്ക ക്കാരനുമായ പ്രൊഫസരെക്കണ്ട് അവര്‍ ഒന്നമ്പ രന്നു. എന്നാലും സമചിത്തത വിടാതെ നിന്ന് . “ എന്താടോ ഇവിടെ നില്ക്കുന്നത്, ക്ലാസൊന്നും ഇല്ലേ ?
അവര്‍ : അല്ലാ സാറേ ഞങ്ങളുടെ പുതിയ മാഷ് ആദ്യം ഇവിടെ ലാബില്‍ വന്നു, അര മണിക്കൂര്‍ കഴിഞ്ഞു ലെക്ചര്‍ ക്ലാസില്‍ പോയി, അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു ലാബില്‍ വന്നു, ഇപ്പോള്‍ അവര്‍ വീണ്ടും ലെക്ചര്‍ ഹാളില്‍ പോയിരിക്കുകയാണ്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്തിനാണ് എന്ന് കരുതി ഞങ്ങള്‍ ഇവിടെ നിന്ന താണ്. അവര്‍ ഇപ്പോള്‍ തന്നെ തിരിച്ചു വരും?
ഇത് പറഞ്ഞു തീരുംപോഴെക്ക് അതാ വരുന്നു നമ്മുടെ പുതിയ മാഷും മറ്റു കുട്ടികളും !!!!! ചൂടനായ പ്റൊഫസറും ചിരിച്ചുപോയി.
3. കടുവയെ പിടിച്ച കിടുവകള്‍
മേല്പറഞ്ഞ കഥയിലെ മൂന്നു വില്ലന്മാര്‍ പ്രഫസരുടെ ക്ലാസില്‍ ഒരു പണി ഒപ്പിച്ചു. ലെക്ചര്‍ ക്ലാസ് ആണ്, ലാബിന്റെ തൊട്ടടുത്തുള്ള ഗ്യാലറി രീതിയില്‍ പടിപടിയായി ബെഞ്ചും ഡിസ്കും പിടിപ്പിച്ച ക്ലാസ്. കൂടുതലും പഴയ സര്ക്കാര്‍ കോളേജുകളില്‍ കാണുന്നതു. പുറകിലത്തെ ബെഞ്ചുകളില്‍ വെളിച്ചം വളരെ കുറവായിരിക്കും, നമ്മുടെ സഖാക്കള്‍ സ്ഥിരം അവിടെയെ ഇരിക്കൂ തമാശ ഒപ്പിക്കാന്‍.
ഒരു ദിവസം സാര്‍ ഘോരഘോരം ലെക്ചര്‍ ചെയ്യുന്ന സമയത്ത് , ഒരു മുണ്ട് കൈമാറി മാറി അദ്ദേഹ ത്തിന്റെ മുന്പില്‍ എത്തി. പ്രൊഫസര്‍ കോപം കൊണ്ടു വിറച്ചു. “ ഞാന്‍ അവനെ പിടിച്ചു കൊള്ളാം” . എന്ന് പറഞ്ഞു മുണ്ട് മടക്കി മേശയുടെ വലിപ്പില്‍ വെച്ച് ക്ലാസ് തുടര്ന്നു . കക്ഷിയെ പിടിച്ചാല്‍ ഉള്ള കുഴപ്പങ്ങളെപറ്റി മൂവരും ബോധവാന്മാരാണ്. ഇന്നത്തെപ്പോലെ സംഘടനയും സമരവും ഇല്ല. കോളേജില്‍ നിന്ന് പുറത്തു പോവാന്‍ വരെ കാരണമാവാം. മൂവര്‍ സംഘം ആലോചിച്ചു ഒരു വഴി കണ്ടു പിടിച്ചു.
ക്ലാസ് തീരുന്നതിനു പത്തു മിനുട്ട് മുമ്പ് ഒരാള്‍ എഴുനേറ്റു മെല്ലെ സാറിന്റെ അടുത്തെത്തി. സാര്‍ എനിക്ക് തല ചുറ്റുന്നു, എന്ന് പറഞ്ഞു കാര്യമായി അഭിനയിച്ചു മുന്നോട്ടു വന്നു. “ശരി താന്‍ പൊക്കോ, ആരെങ്കിലും കൂട്ടിനു വേണോ” എന്ന് ചോദിച്ചു, ഇതിനടയില്‍ കക്ഷി ബോധം കേട്ട് നിലത്തു വീണു. എല്ലാവരും സ്തബ്ധരായി, നമ്മുടെ മൂവരില്‍ ഒരാള്‍ വീണ സഖാവിനെ പൊക്കി എടുത്തു പുറത്തേക്ക് പോയി. അതില്‍ ഒരാള്‍ തിരിച്ചു വന്നു അവനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പ്രൊഫസരുടെ കാറിന്റെ താക്കോലും, അത്യാവശ്യച്ചിലവിനു കുറച്ചു പണവും വാങ്ങി നേരെ വണ്ടിയില്‍ എത്തി. മറ്റെയാള്‍ ഈ ബഹളത്തിനിടയ്ക്ക്, മുണ്ടും മേശവലിപ്പില്‍ നിന്നെടുത്തു നഗ്നനായയാള്ക്ക് കൊടുത്തു കൂട്ടത്തില്‍ ചേര്ന്നു. . ചുരുക്കത്തില്‍ പ്രൊഫസരുടെ ചിലവില്‍ അദ്ദേഹത്തിന്റെ കാറില്‍ ടൌണ്‍ ചുറ്റി ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി മസാല ദോശയും അടിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞു അവര്‍ തിരിച്ചെത്തി , സാറിനു നന്ദി പറഞ്ഞു താക്കോല്‍ തിരിച്ചു കൊടുത്തു, കൂട്ടുകാരന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല, രാവിലെ പ്രാതല്‍ കഴിക്കാത്തത് കൊണ്ടാണെന്ന് വിശദീ കരണവും . പാവം പ്രൊഫസര്‍ എല്ലാം വിശ്വസിച്ചു !!!
ഇങ്ങനെ പാവം സാറന്മാരെ കളിപ്പിക്കുന്ന എത്ര വീരന്മാര്‍ , അന്നും ഇന്നും !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ