എന്നെപ്പോലെ ലോഡ്ജില്‍ താമസിക്കുന്ന ‘കരണ്ടി’ കളുടെ ഭക്ഷണത്തെ പറ്റിയാണല്ലോ പറഞ്ഞു വരുന്നത്. കരണ്ടി എന്ന് പറഞ്ഞതു ഞങ്ങള്‍ പുറത്തു താമസിക്കുന്നവര്‍ എല്ലാവരും പഠിക്കാന്‍ (എലി കരണ്ടി തിന്നുന്നതുപോലെ) വേണ്ടി പുറത്തു താമസിക്കുന്നു എന്നതിനു ഹോസ്റ്റലില്‍ താമസി ക്കുന്നവര്‍ ഉണ്ടാക്കിയ പേരാണ്. ഏതായാലും സത്യം അത് മാത്രമായിരുന്നില്ല.
വ്യക്തിപരമായി ഞാന്‍ കുറെയേറെ നാള്‍ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടല്‍ നടത്തിയിരുന്ന വിദ്യാനന്ദ നോടുള്ള കടപ്പാടിനെപ്പറ്റി പറയാം. വിദ്യാനന്ദന്റെ പ്രധാന ആകര്ഷണം അത്താഴക്കഞ്ഞി ആയി രുന്നു, പയറുതോരനും അച്ചാറും കൂട്ടി, തേങ്ങാ ചിരവിയിട്ട പൊടിയരിക്കഞ്ഞി. കൊടുക്കുന്ന ഭക്ഷണം വൃത്തിയായും രുചികരമായും കൊടുക്കുന്നതില്‍ വളര ശ്രദ്ധാലുവായിരുന്നു അയാള്‍. ഭാര്യയും അദ്ദേഹവും ചില സഹായികളും മാത്രം. വലിയ ലാഭമൊന്നും ഉണ്ടാക്കിയിട്ടില്ല. കുട്ടികള്‍ ആരും ഇല്ലായിരുന്നു. വര്ഷങ്ങള്ക്ക് ശേഷം ഞാന്‍ കണ്ടപ്പോള്‍ ഹോട്ടല്‍ നിര്ത്തി ചെറിയ ഒരു മുറുക്കാന്‍ കടനടത്തി വരുകയായിരുന്നു. പിന്നീടൊരിക്കല്‍ ചെന്നപ്പോള്‍, അദ്ദേഹം മരിച്ചു എന്നും അറിഞ്ഞു.
എന്റെ അനുഭവം പറയട്ടെ. ഞാന്‍ വിദ്യാനന്ദന്റെ കടയില്‍ നിന്ന് ചിലപ്പോള്‍ മൂന്നും നാലും മാസം പണം കൊടുക്കാതെയിരുന്നിട്ടുണ്ട് , മനപൂര്വംത അല്ലെന്നു അയാള്ക്കറിയാമായിരുന്നു, ചിലപ്പോള്‍ എന്റെ അടുത്തു വരും “ സാര്‍ ഒരു നൂറു രൂപ അത്യാവശ്യം ഉണ്ട് , നാളെ തിരിച്ചു തരാം , കടയില്‍ സാധനം വാങ്ങാനാണ് “ എന്ന് പറഞ്ഞു വരുമായി രുന്നു. ഞാന്‍ മുന്നൂറിലധികം രൂപ അയാള്ക്ക് കൊടുക്കാനുള്ളപ്പോഴായിരുന്നു ഇതെന്നോര്ക്കു ക. വര്ഷാവസാനം സ്കോളര്ഷിപ്പ് കിട്ടുമ്പോള്‍ ഞാന്‍ കണക്കു തീര്ത്തു് പണം കൊടുത്തിരുന്നു.
എന്നാല്‍ ഞങ്ങളുടെ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരു വീരന്‍, അടൂരില്‍ നിന്നും സാമ്പത്തികമായി മെച്ച പ്പെട്ട കുടുംബത്തില്‍ നിന്ന് വന്നയാള്‍, എന്നെ പോലെ കടം വാങ്ങി മദ്ധ്യവേനല്‍ അവധിക്കു സ്ഥലം വിട്ടു, ഒരു വാക്ക് പോലും പറയാതെ. പാവം വിദ്യാനന്ദന്‍ കോളേജില്‍ ചെന്ന് അയാളുടെ വീട്ടു മേല്വിലാസം വാങ്ങി നേരെ അടൂരിനു തിരിച്ചു അവിടെ ചെന്നപ്പോള്‍ ശ്രീമാന്റെ അച്ഛന്‍ അറിയ പ്പെടുന്ന ഒരു വൈദ്യശാല നടത്തുന്നയാള്‍ ആയി രുന്ന എന്നറിഞ്ഞു. അയാളെ കണ്ടു വിവരം പറഞ്ഞു, കിട്ടാനുള്ള പണത്തിന്റെ കണക്കും കൊടുത്തു. പണം കിട്ടിയാല്‍ ഉപകാരമായി എന്നു വൈദ്യനെ അറിയിച്ചു,. പക്ഷെ വൈദ്യന്‍ പറഞ്ഞ തിങ്ങനെ “ മകന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം മകന്റെ കയ്യില്‍ നിന്ന് തന്നെ വാങ്ങിക്കുക” അതു വരെ വിനയത്തോടെ മാന്യമായി പെരുമാറിയ വിദ്യാനന്ദന്റെ മട്ട് മാറി, പണം കിട്ടിയില്ലെങ്കില്‍ ഞാന്‍ വൈദ്യശാലയുടെ മുമ്പില്‍ കുത്തിയി രിക്കും, പണം കിട്ടുന്നത് വരെ എന്ന് ഭീഷണി പ്പെടുത്തി. പണം കിട്ടാതെ തിരിച്ചു പോകുന്ന പ്രശ്നം ഇല്ലെന്നും പറഞ്ഞു. കാര്യം വശക്കേടാകുമെന്നു മനസിലായപ്പോള്‍ കക്ഷി പണം കൊടുത്തു ആളെ പറഞ്ഞു വിട്ടു, സമൂഹത്തിലെ മാന്യന്റെ മുഖം മൂടി ചീന്തപ്പെടുമെന്ന് ഉറപ്പായപ്പോള്‍. ഈ വിവരം വിദ്യാനന്ദന്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞതല്ല, നാട്ടുകാരില്‍ ഒരാളോടു പറഞ്ഞതില്‍ നിന്നും ഞങ്ങള്‍ അറിഞ്ഞതാണ്, ഞങ്ങളോട് പറയാന്‍ പോലും അയാളുടെ മാന്യത അയാളെ അനുവദി ച്ചില്ല.
പൊതുവേ അന്ന് ഞങ്ങളുടെ ലോഡ്ജുകള്ക്ക് ചുറ്റുപാടും താമസിച്ചിരുന്ന സാധാരണക്കാരുടെ വീടുകളില്‍ പകല്‍ സമയം മുഴുവന്‍ ആണുങ്ങള്‍ ഉറങ്ങിയും മറ്റും സമയം കഴിയ്ക്കും, കാരണം മിക്കവാറും സ്ത്രീകള്‍ എല്ലാം കശുവണ്ടി ഫാക്ടറികളില്‍ ( അണ്ടിയാപ്പീസ് എന്ന് നാട്ടു ഭാഷ ) പുലര്ച്ച തന്നെ ജോലിക്ക് പോകും. അതില്‍ ചിലര്‍ അണ്ടി തല്ലി പരിപ്പും തൊണ്ടും വേര്തിരിക്കും, മറ്റു ചിലര്‍ അവതരം തിരിക്കാനും പായ്ക്ക് ചെയ്യാനും മറ്റുമാണ് ജോലി ചെയ്തു കൊണ്ടിരുന്നത്. ജോലി കഴിഞ്ഞു അവര്‍ തിരിച്ചു വരുമ്പോള്‍ വൈകു ന്നേരം 6 മണി കഴിയും, അവരുടെ കയ്യില്‍ നിന്ന് കിട്ടുന്ന കൂലിയും വാങ്ങി കടയില്‍ പോയി ഉപ്പും മുളകും അരിയും വാങ്ങി, കള്ള് കുടിച്ചു വീട്ടില്‍ എത്തും. ചിലപ്പോള്‍ പെണ്ണുങ്ങളെ തല്ലുകയും ചെയ്യുമായിരുന്നു, പല വീടുകളിലും ഇത് പതി വായിരുന്നു. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ മാന്യമായ ഒരു തൊഴില്‍ ചെയ്തു ജീവിച്ച വിദ്യാനന്ദനെപോലും കളിപ്പിക്കാന്‍ അച്ഛനും മകനും തയാറായി എന്നത് തന്നെ എന്ത് കഷ്ടം.
കൊല്ലം കൊട്ടാരക്കര റോഡിന്റെ അരുകില്‍ ചില ലോഡ്ജുകള്‍ ഉണ്ടായിരുന്നു, അതില്‍ ഒന്നിന്റെ മറുവശത്ത് അധികം ദൂരെ അല്ലാതെ ഒരു കള്ള് ഷാപ്പും ഉണ്ടായിരുന്നു, ഇപ്പോള്‍ ഉള്ള പാലത്തിന്റെ അപ്രോച് റോഡ് തുടങ്ങുന്നയിടത്തു. ഇതിലൊ ന്നില്‍ താമസിച്ചിരുന്ന ഒരു സീനിയര്‍ ഇടക്ക് ദാഹം മാറ്റാന്‍ ഷാപ്പിലേക്ക് കയറും എന്ന് ജനസംസാരം. ഒരിക്കല്‍ ഇയാളുടെ അച്ഛനിയാളെ കാണാന്‍ ലോഡ്ജില്‍ വന്നു. കക്ഷി സ്ഥലത്തില്ല, തൊട്ടടുത്തു ഒരു കള്ളുഷാപ്പ് കണ്ടു, എന്നാല്‍ അവന്‍ വരുന്നതിനു മുമ്പ് ദാഹം തീര്ക്കാം എന്ന് കരുതി അയാള്‍ ഷാപ്പിലേക്ക് കയറി. നമ്മുടെ കഥാനായകന്‍ മുന്‍ വാതിലില്‍ കൂടി അച്ഛന്‍ വരുന്നത് കണ്ടു മെല്ലെ പിന്വാതിലില്‍ കൂടി ഇറങ്ങി ലോഡ്ജിലേക്ക് പോയി. കുറച്ചു കഴിഞ്ഞു അച്ഛന്‍ ലോഡ്ജിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. പോകാന്‍ നേരത്തു ഒരു ചോദ്യം “ മകനെ നീ എന്തിനാ ഞാന്‍ ഷാപ്പിലേക്ക് കയറി വന്നപ്പോള്‍ പുറവാതിലില്‍ കൂടി ഓടിയത് ഞാന്‍ നിന്റെ പറ്റില്‍ (കണക്കില്‍ ) കുടിക്കാന്‍ ആണെന്ന് കരുതിയോ ? എന്റെ കയ്യില്‍ പണം ഉണ്ടായിരുന്നല്ലോ, പിന്നെന്തിനാ വെറുതെ ഓടിയത് ? “ . എങ്ങനെയുണ്ട് ഈ അച്ഛനും മകനും. “അച്ഛന്‍ വിസ്കി കുടിച്ചാല്‍ എനിക്ക് ബിയറെങ്കിലും ആയിക്കൂടെ” എന്ന് ചോദിക്കുന്ന ഇന്നത്തെ മക്കള്‍ അന്ന് വിരളം ആയിരുന്നു എന്നോര്മിച്ചാല്‍ എല്ലാവര്ക്കും നല്ലത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ